Banner Ads

തുടങ്ങും മുൻപേ പ്രതിസന്ധിയിൽ ‘പ്രിയദർശിനി’; കെഎസ്ആർടിസിക്ക് മുൻകൂർ പണം നൽകില്ലെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്ക് ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘പ്രിയദർശിനി’ പദ്ധതി തുടങ്ങും മുൻപേ പ്രതിസന്ധിയിൽ. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരും കെഎസ്ആർടിസിയും തമ്മിലുള്ള തർക്കമാണ് കാരണം. പദ്ധതിക്കായി മുൻകൂർ തുക അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് സർക്കാർ. എന്നാൽ, മുൻകൂർ തുക ലഭിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് കെഎസ്ആർടിസി വ്യക്തമാക്കി.

സൗജന്യ യാത്രയ്ക്കുള്ള ‘സീറോ ടിക്കറ്റുകൾ’ പരിശോധിച്ച് ഓരോ മാസത്തെയും തുക കൃത്യമായി കണക്കാക്കി മാസാവസാനം നൽകാമെന്നാണ് സർക്കാർ നിലപാട്. എന്നാൽ ഈ ക്രെഡിറ്റ് വ്യവസ്ഥ കോർപ്പറേഷനെ കടുത്ത പ്രതിസന്ധിയിലാക്കും. നിലവിൽ 45 ദിവസത്തെ ക്രെഡിറ്റ് വ്യവസ്ഥയിൽ ലിറ്ററിന് 3 രൂപ 10 പൈസ കുറച്ചാണ് ഇന്ധന കമ്പനികൾ കെഎസ്ആർടിസിക്ക് ഡീസൽ നൽകുന്നത്. പുതിയ പദ്ധതി വരുന്നതോടെ പ്രതിദിന വരുമാനത്തിൽ വലിയ ഇടിവുണ്ടാകും. ഇത് ഇന്ധന കമ്പനികൾക്ക് നൽകാനുള്ള തുക വൈകാനിടയാക്കുമെന്നും, ഇപ്പോഴുള്ള ഇന്ധന സബ്‌സിഡി കമ്പനികൾ നിർത്തലാക്കുമോ എന്നും കെഎസ്ആർടിസി ഭയക്കുന്നു.

ഒന്നുകിൽ തുക മുൻകൂറായി അനുവദിക്കണം, അല്ലെങ്കിൽ ഓരോ ദിവസത്തെയും ടിക്കറ്റ് വരുമാന നഷ്ടം അന്നുതന്നെ സർക്കാർ നൽകണം എന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം. നഷ്ടം നികത്തുന്നത് സംബന്ധിച്ച് ധനവകുപ്പുമായി ചർച്ച നടത്തുമെന്നും കോർപ്പറേഷൻ അറിയിച്ചു. അതേസമയം, വിഷയത്തിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.