
റിയാദ്: കേന്ദ്ര സർക്കാർ പാസ്‌പോർട്ട് പുതുക്കാനുള്ള നിരക്ക് കുത്തനെ ഉയർത്തിയതോടെ പ്രവാസികളും നാട്ടിലുള്ളവരും ഒരുപോലെ ദുരിതത്തിൽ. നിരക്ക് വർധനയ്ക്ക് പിന്നാലെ കേരളത്തിലെ പാസ്‌പോർട്ട് കേന്ദ്രങ്ങളിൽ ബുക്കിങ് ലഭിക്കാനുള്ള കാത്തിരിപ്പ് കാലാവധി ഒരു മാസത്തിലേറെയായി നീണ്ടു. ഗൾഫ് രാജ്യങ്ങളിൽ പാസ്‌പോർട്ട് പുതുക്കലിന് പൊള്ളുന്ന നിരക്ക് ഏർപ്പെടുത്തിയതും വിഎഫ്എസ് (VFS) കേന്ദ്രങ്ങളിൽ ബുക്കിങ് കിട്ടാതായതുമാണ് പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നത്.
വരും മാസങ്ങളിൽ പാസ്‌പോർട്ട് കാലാവധി തീരുന്നവർ മുൻകൂട്ടി അപേക്ഷിച്ചില്ലെങ്കിൽ സമയവും പണവും നഷ്ടമാകുമെന്നുറപ്പാണ്.നാട്ടിലെ സാധാരണ നിരക്ക്: 1,500 രൂപയിൽ നിന്നും 2,500 രൂപയായി ഉയർത്തി.യു.എ.ഇയിലെ നിരക്ക് നോർമൽ പാസ്‌പോർട്ട് പുതുക്കലിന് 285 ദിർഹത്തിൽ നിന്നും 450 ദിർഹമായി വർധിപ്പിച്ചു.
സൗദി അറേബ്യയിലെ നിരക്ക്: സാധാരണ നിരക്ക് 460 റിയാലാക്കി ഉയർത്തി.പെട്ടെന്ന് പാസ്‌പോർട്ട് ലഭ്യമാക്കുന്നതിനുള്ള തൽക്കാൽ നിരക്കുകളാണ് പ്രവാസികൾക്ക് താങ്ങാനാകാത്ത വിധം ഉയർന്നത്.നാട്ടിൽ തൽക്കാൽ പാസ്‌പോർട്ടിന് 5,000 രൂപയാണെങ്കിൽ, സൗദിയിൽ ഇത് 919 റിയാലായി (ഏകദേശം 23,000 രൂപയ്ക്ക് മുകളിൽ) ഉയർന്നു.അടിയന്തരമായി നാട്ടിൽ പോകേണ്ടി വരുന്ന പ്രവാസികൾക്ക് ഈ നിരക്ക് വർധന വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്.