Banner Ads

‘ഓപ്പറേഷൻ തൂഫാൻ’: തൃശ്ശൂരിൽ പിടിച്ചെടുത്ത വൻ ലഹരിശേഖരം ചൂളയിലിട്ട് കത്തിച്ചു ചാമ്പലാക്കി

തൃശ്ശൂർ: സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെ തുടരുന്ന ശക്തമായ ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ സിറ്റി പൊലീസ് പിടിച്ചെടുത്ത വൻ ലഹരിവസ്തുക്കളുടെ ശേഖരം നശിപ്പിച്ചു. സിറ്റി പോലീസ് പരിധിയിലെ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസുകളിലെ തൊണ്ടിമുതലുകളാണ് പാലിയേക്കരയ്ക്കടുത്തുള്ള ചിറ്റിശേരിയിലെ ചൂളയിൽ വെച്ച് കത്തിച്ചു നശിപ്പിച്ചത്.
തൃശ്ശൂർ സിറ്റി ഡ്രഗ്സ് ഡിസ്പോസൽ കമ്മിറ്റിയുടെ പ്രത്യേക നിർദ്ദേശപ്രകാരമായിരുന്നു നടപടി.

പ്രമുഖ പോലീസ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ലഹരിവസ്തുക്കൾ ഒന്നിച്ച് നശിപ്പിച്ചത്.കഞ്ചാവ് വിവിധ കേസുകളിലായി പൊലീസ് പിടിച്ചെടുത്ത 57.36 കിലോ കഞ്ചാവ്. എം.ഡി.എം.എ (മെത്താഫിറ്റമിൻ) 134.1 ഗ്രാം തൂക്കം വരുന്ന മാരക രാസലഹരി. 389.34 ഗ്രാം ഹാഷിഷ് ഓയിലും കഞ്ചാവ് ബീഡികളും.പുകയില ഉൽപ്പന്നങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സിറ്റി പോലീസ് പരിധിയിൽ നിന്ന് പിടിച്ചെടുത്ത വിവിധ നിരോധിത പുകയില ഉൽപ്പന്നങ്ങൾ.

സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖ് ഐ.പി.എസ്, നാർക്കോട്ടിക് സെൽ എ.സി.പി ഷിബു പി, എ.എസ്.ഐ സനീഷ് ബാബു, വനിതാ സിവിൽ പോലീസ് ഓഫീസർ ഷിഫാന, സി.പി.ഒമാരായ വിഷ്ണു, ശിവ എന്നിവരുടെ നേതൃത്വത്തിലാണ് ലഹരിവസ്തുക്കളുടെ പരിശോധനകളും നശിപ്പിക്കൽ പ്രക്രിയയും പൂർത്തിയാക്കിയത്.വരും ദിവസങ്ങളിലും സിറ്റി പോലീസ് പരിധിയിൽ ലഹരി വിപണനത്തിനും കടത്തിനുമെതിരെ പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.