
തിരുവനന്തപുരം : കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യ യാത്രയുടെ സാമ്പത്തിക ബാധ്യത കോർപ്പറേഷന് മേൽ അടിച്ചേൽപ്പിക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സൗജന്യ യാത്ര സർക്കാരിന്റെ പ്രഖ്യാപിത നയമാണ്.
അതിനുള്ള പണം ബജറ്റിൽ മാറ്റിവയ്ക്കും. സംസ്ഥാനത്തെ ധന സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം ഇറക്കിയതിന് പിന്നാലെ സാമ്പത്തിക പ്രതിന്ധി മറികടക്കാനുള്ള മാർഗ്ഗങ്ങൾ ആലോചിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി പൊതുമേഖലാ സ്ഥാപനങ്ങളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
കെഎസ്ആർടിസിയിൽ ഇതിനുമുമ്പ് ഇത്ര വലിയ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ല. ബസ് ഷെഡ്യൂളുകളും ജീവനക്കാരുടെ എണ്ണവും കുറച്ചിട്ടും സ്ഥാപനത്തിന്റെ ബാധ്യത കുറയ്ക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ഗൗരവതരമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.