Banner Ads

കേരളത്തിൽ ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി; ആശങ്കയായി നിപയും

കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെത്തുടർന്ന് ഒരു കുട്ടി കൂടി മരണപ്പെട്ടു. മലപ്പുറം കോഡൂർ സ്വദേശിയായ ഏഴ് വയസുകാരൻ ആർജവ് ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ അന്തരിച്ചത്. പനിയും കടുത്ത വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ഈ മാസം 12-നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.ഈ മരണത്തോടെ സംസ്ഥാനത്ത് ഈ വർഷം ഷിഗെല്ല ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു.സംസ്ഥാനത്ത് ഇതുവരെ 135 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് കോഴിക്കോട് ജില്ലയിലാണ്.രോഗവ്യാപനം തടയുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കിണറുകളും ശുദ്ധജല സ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യുന്നതിനുള്ള നടപടികൾ ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.നിപ ബാധിതന്റെ ആരോഗ്യനിലയിൽ മാറ്റമില്ല.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന രാമനാട്ടുകര സ്വദേശിയായ 43-കാരന്റെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ഐസൊലേഷൻ വാർഡിലാണ് ഇദ്ദേഹം കഴിയുന്നത്.ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ: രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 103 പേരെ കണ്ടെത്തിയിട്ടുണ്ടെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷം രോഗിക്ക് ഒരു ഡോസ് കൂടി മോണോക്ലോണൽ ആന്റിബോഡി നൽകുന്ന കാര്യം തീരുമാനിക്കും.