
കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ നാളെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഹാജരാകില്ല. ഇത് സംബന്ധിച്ച് അദ്ദേഹം ഇ.ഡിക്ക് ഔദ്യോഗികമായി മറുപടി കത്ത് നൽകി. വിഷയം പരിഗണിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവും നിലവിൽ നടക്കുന്ന നിയമസഭാ സമ്മേളനവും ചൂണ്ടിക്കാട്ടിയാണ് ഇ.ഡിക്ക് കത്തുനൽകിയിട്ടുള്ളത്.നേരത്തെ തിരുവനന്തപുരത്തെ വസതിയിൽ ഇ.ഡി പതിച്ച നോട്ടീസിൽ ഒക്ടോബർ 23-ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശിച്ചിരുന്നത്.
പിണറായി വിജയന്റെ മകൾ വീണ മാസപ്പടി കൈപ്പറ്റിയെന്ന ആരോപണത്തിലാണ് ഇ.ഡി അന്വേഷണം നടത്തുന്നത്.മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്ക് സുപ്രീം കോടതിയിൽ നിന്ന് ആശ്വാസകരമായ വിധിയാണ് ഉണ്ടായത്. ഇവർക്കെതിരായ വിജിലൻസ് അന്വേഷണ നടപടികൾ സുപ്രീം കോടതി ഒരു ആഴ്ചത്തേക്ക് സ്റ്റേ ചെയ്തു.
കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിണറായി സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബെഞ്ച് കേൾക്കേണ്ടതായിരുന്നുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിജിലൻസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയ പരമോന്നത കോടതി, ഹർജിക്കാരുടെ ഭാഗം വിശദമായി കേൾക്കാൻ നിർദേശിക്കുകയും ചെയ്തു.