
തിരുവനന്തപുരം: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി നടത്തിയ പരിശോധനയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോൺ പരിശോധിക്കുന്നത് കേസിൽ നിർണായകമാകും. ശാസ്ത്രീയ പരിശോധനകൾക്കായി ഫോൺ ഉടൻ തന്നെ കോടതിയിൽ സമർപ്പിക്കും. ഇന്നലെ നടന്ന റെയ്ഡിലാണ് വീണയുടെ സ്വകാര്യ ഫോൺ ഇ.ഡി പിടിച്ചെടുത്തത്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ളവ പി.എം.എൽ.എ (PMLA) കോടതിക്ക് കൈമാറും.
വീണ വിജയന്റെ എച്ച്.ഡി.എഫ്.സി (HDFC) ബാങ്കിലെ അക്കൗണ്ട് ഉൾപ്പെടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി ഇതിനകം മരവിപ്പിച്ചിട്ടുണ്ട്. കൂടാതെ ഇവരുടെ ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെ (FD) രേഖകളും ഇ.ഡി പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് ആകെ 242 ബാങ്ക് അക്കൗണ്ടുകളിലായി ഏകദേശം 18.36 കോടി രൂപ ഇ.ഡി മരവിപ്പിച്ചതായാണ് ഔദ്യോഗിക വിവരം.മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ നടത്തിയ പരിശോധനയിലും സുപ്രധാന രേഖകൾ കണ്ടെത്തിയതായി ഇ.ഡി വ്യക്തമാക്കുന്നു.
പരിശോധനയ്ക്കിടെ ഉണ്ടായ അക്രമസംഭവങ്ങൾ പെട്ടെന്നുണ്ടായതല്ലെന്നും, ഇതിന് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നുമാണ് ഇ.ഡിയുടെ പ്രാഥമിക വിലയിരുത്തൽ. ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഇ.ഡി ഡയറക്ടറേറ്റിന് കൈമാറിയിട്ടുണ്ട്.പരിശോധനയിൽ കണ്ടെത്തിയ രേഖകൾ, ഡിജിറ്റൽ തെളിവുകൾ, ബാങ്ക് നിക്ഷേപങ്ങൾ എന്നിവ നിലവിൽ ഇ.ഡി സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. സി.എം.ആർ.എല്ലിൽ (CMRL) നിന്നും പണം കൈപ്പറ്റിയ മറ്റുള്ളവരെക്കുറിച്ചുള്ള അന്വേഷണവും ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ഇ.ഡി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.