Banner Ads

കേരളത്തിൽ കാലവർഷമെത്തി; സാധാരണയേക്കാൾ മൂന്ന് ദിവസം വൈകി, സംസ്ഥാനത്ത് മഴ ശക്തം; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം (എടവപ്പാതി) എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. സാധാരണയായി ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം ആരംഭിക്കാറുള്ളതെങ്കിലും, ഇത്തവണ മൂന്ന് ദിവസം വൈകി ജൂൺ നാലിനാണ് എത്തിയത്. നിലവിൽ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവടങ്ങളിലും, അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും ഭൂരിഭാഗം മേഖലകളിലും കാലവർഷം പൂർണ്ണമായി വ്യാപിച്ചിട്ടുണ്ട്.കാലവർഷം എത്തിയതോടെ സംസ്ഥാനത്തുടനീളം മഴ ശക്തമായി തുടരുകയാണ്.

വരും ദിവസങ്ങളിൽ മഴ കൂടുതൽ കനക്കുമെന്നാണ് മുന്നറിയിപ്പ്.ഇന്ന് (ജൂൺ 4): തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നീ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.മറ്റന്നാൾ മഴയുടെ തീവ്രത കൂടാൻ സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തെക്കുപടിഞ്ഞാറൻ-തെക്കുകിഴക്കൻ അറബിക്കടലിന്റെ ബാക്കി ഭാഗങ്ങളിലേക്കും, മധ്യ അറബിക്കടലിന്റെ ചില ഭാഗങ്ങളിലേക്കും കാലവർഷം എത്തിക്കഴിഞ്ഞു.

കേരളം, മാഹി, ലക്ഷദ്വീപ് എന്നിവയ്ക്ക് പുറമെ കർണാടക, തമിഴ്‌നാട് എന്നിവയുടെ ചില ഭാഗങ്ങളിലും കന്യാകുമാരി മേഖലയിലും, ബംഗാൾ ഉൾക്കടലിന്റെ തെക്ക്, തെക്കുപടിഞ്ഞാറ്, മധ്യ, വടക്കുകിഴക്കൻ ഭാഗങ്ങളിലും കാലവർഷം വ്യാപിച്ചു.അടുത്ത 2-3 ദിവസങ്ങൾക്കുള്ളിൽ മധ്യ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും കാലവർഷം എത്തും. ഇതോടൊപ്പം ഗോവ പൂർണ്ണമായും, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവയുടെ ചില ഭാഗങ്ങളിലേക്കും, കർണാടകയുടെ കൂടുതൽ ഭാഗങ്ങളിലേക്കും തമിഴ്‌നാടിന്റെ ബാക്കി പ്രദേശങ്ങളിലേക്കും മഴ വ്യാപിക്കും. ബംഗാൾ ഉൾക്കടലിന്റെ മധ്യ-വടക്കുകിഴക്കൻ മേഖലകളിലും വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളിലും അടുത്ത ദിവസങ്ങളിൽ കാലവർഷം സജീവമാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.