Banner Ads

ശബരിമല മിൽമ നെയ് വിതരണത്തിൽ വൻ ക്രമക്കേട്; ടെൻഡർ ചട്ടങ്ങൾ ലംഘിച്ചു, വിലക്കുറവിൽ ദുരൂഹതയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലേക്കുള്ള മിൽമയുടെ നെയ് വിൽപ്പനയുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകൾ നടന്നതായി ക്ഷീരവികസന വകുപ്പ് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട്. ചട്ടങ്ങൾ പൂർണ്ണമായും കാറ്റിൽപ്പറത്തിയാണ് നെയ് വിതരണത്തിനുള്ള കരാർ നൽകിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നെയ് സപ്ലൈ ചെയ്യുന്നതിന് 70 ദിവസത്തെ സാവകാശമുണ്ടായിരുന്നിട്ടും കൃത്യമായി ടെൻഡർ ക്ഷണിച്ചില്ല.

കൂടുതൽ അപേക്ഷകൾ ലഭിക്കാനാണ് ടെൻഡർ ഒഴിവാക്കിയതെന്ന വാദം നിലനിൽക്കില്ലെന്നും, ഇത്തരത്തിൽ അപേക്ഷ ക്ഷണിച്ചത് പൂർണ്ണമായും നിയമവിരുദ്ധമാണെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ടുതവണ ഇ-ടെൻഡർ ഒഴിവാക്കി സീൽഡ് ടെൻഡറാക്കി മാറ്റുകയായിരുന്നു.ഒരു ടിൻ നെയ് എത്തിക്കുന്നതിന് കരാറുകാരൻ അസാധാരണമായ വിലക്കുറവാണ് കോട്ട് ചെയ്തിരിക്കുന്നത്. മറ്റ് സ്ഥാപനങ്ങൾ 81 രൂപയും 48 രൂപയും ചെലവ് കണക്കാക്കിയ സ്ഥാനത്താണ് കരാർ ലഭിച്ച കമ്പനി വെറും 18 രൂപ കോട്ട് ചെയ്തത്.

ഇത് വലിയ സംശയങ്ങൾക്കിടയാക്കുന്നു.1,65,000 ലിറ്റർ നെയ്ക്കുള്ള ഓർഡർ ലഭിച്ച കമ്പനി സപ്ലൈ ചെയ്തത് 1,56,010 ലിറ്റർ മാത്രമാണ്. കൂടാതെ, ശബരിമലയിലേക്ക് ആകെ 30 ബാച്ച് നെയ് തയ്യാറാക്കേണ്ട സ്ഥാനത്ത് രേഖകളിൽ ആകെ 6 ബാച്ച് നമ്പറുകൾ മാത്രമാണ് ഉള്ളതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.