Banner Ads

‘പിള്ളേര് മോഡിഫൈ ചെയ്യട്ടെ’; വാഹനങ്ങളിലെ 18 തരം മാറ്റങ്ങൾക്ക് അനുമതി വേണ്ട, റിപ്പോർട്ട് സമർപ്പിച്ച് ഗതാഗത കമ്മീഷണർ

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ പാലിച്ച് വാഹനങ്ങളിൽ വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ച് (Modifications) ഗതാഗത കമ്മീഷണർ റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചു. മുൻകൂർ അനുമതിയില്ലാതെ ചെയ്യാവുന്ന 18 തരം മോഡിഫിക്കേഷനുകളും ആർ.സി ബുക്കിൽ (RC Book) മാറ്റം വരുത്തി മാത്രം ചെയ്യേണ്ട മറ്റ് ചില മാറ്റങ്ങളുമാണ് റിപ്പോർട്ടിലുള്ളത്. റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാകും സർക്കാർ ഇക്കാര്യത്തിൽ അന്തിമ ഉത്തരവിറക്കുക.

തിരഞ്ഞെടുപ്പ് വേളയിൽ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന്റെ ‘പിള്ളേര് മോഡിഫൈ ചെയ്യട്ടെ’ എന്ന സോഷ്യൽ മീഡിയ റീൽ ഏറെ വൈറലായിരുന്നു. പിന്നീട് അദ്ദേഹം മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷവും നിയമപരമായ മോഡിഫിക്കേഷനുകളെ അനുകൂലിച്ചതോടെ സമൂഹമാധ്യമങ്ങൾ അദ്ദേഹത്തെ ‘പൂക്കി സി.എം’ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗതാഗത വകുപ്പിന്റെ നിർണായക നീക്കം.മുൻകൂർ അനുമതി ആവശ്യമില്ലാത്ത 18 മാറ്റങ്ങൾ വാഹനത്തിന്റെ ഘടനെയോ സുരക്ഷയെയോ ബാധിക്കാത്ത താഴെ പറയുന്ന മാറ്റങ്ങൾ വരുത്താൻ ആർ.ടി.ഒ ഓഫീസിൽ നിന്നുള്ള അനുമതി ആവശ്യമില്ല

സീറ്റ് കവറുകൾ

ഫ്ലോർ മാറ്റ്

സ്റ്റിയറിങ് വീൽ കവർ

ക്രോം ഗാർണിഷ്

ഡോർ വൈസറുകൾ

മഡ് ഫ്ലാപ്പുകൾ

ബോഡി സ്റ്റിക്കറുകൾ

ഇന്റീരിയർ ആംബിയന്റ് ലൈറ്റിങ്

ഡാഷ് ക്യാമറ

റിവേഴ്സ് ക്യാമറ

പാർക്കിങ് സെൻസറുകൾ

ജി.പി.എസ് ട്രാക്കർ

ആൻഡ്രോയിഡ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

അഡീഷണൽ സ്പീക്കറുകൾ

ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം (TPMS)

ടോ ഹുക്കുകൾ

റൂഫ് കാരിയറുകൾ

50 ശതമാനം സുതാര്യതയുള്ള സൺ ഫിലിമുകൾ

ആർ.സി (RC) ബുക്കിൽ മാറ്റം വരുത്തി ചെയ്യേണ്ടവ
വാഹനത്തിന്റെ അടിസ്ഥാന വിവരങ്ങളിൽ മാറ്റം വരുന്നു എന്നതിനാൽ താഴെ പറയുന്നവയ്ക്ക് മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക അനുമതിയും ആർ.സി രേഖപ്പെടുത്തലും നിർബന്ധമാണ്

വാഹനത്തിന്റെ നിറം മാറ്റൽ

എഞ്ചിൻ മാറ്റിവെക്കൽ

എൽ.പി.ജി / സി.എൻ.ജി കിറ്റുകൾ ഘടിപ്പിക്കൽ

വാഹനം ഇലക്ട്രിക് (EV) ആക്കി മാറ്റൽ

ഭിന്നശേഷി സൗഹൃദ വാഹനങ്ങളാക്കി മാറ്റിയെടുക്കൽ (Retrofitting)

ഷാസി ഫ്രെയിം മാറ്റൽ

റിപ്പോർട്ടിലെ ശുപാർശകൾ സർക്കാർ അംഗീകരിക്കുന്നതോടെ വാഹനപ്രേമികൾക്ക് വലിയ ആശ്വാസമാകുമെന്നാണ് കരുതുന്നത്.