Banner Ads

പത്ത് പേർക്ക് പുതുജീവൻ നൽകി മരണാനന്തരവും ജീവിച്ച് കൊല്ലം സ്വദേശി അരുൺ

കൊല്ലം: വിധി അകാലത്തിൽ തട്ടിയെടുത്തപ്പോഴും പത്തുപേർക്ക് പുതു ജീവനേകി മരണാനന്തരവും ജീവിക്കുകയാണ് കൊല്ലം ചന്ദനത്തോപ്പ് മാമൂട് ഗോകുലത്തിൽ അരുൺ.എച്ച് (24). തമിഴ്‌നാട്ടിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച അരുണിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ എടുത്ത മാതൃകാപരമായ തീരുമാനം പത്ത് പേരുടെ ജീവിതത്തിലാണ് വെളിച്ചം പകർന്നത്.

സ്വന്തം മകന്റെ വേർപാടിന്റെ കഠിനമായ വേദനയിലും ഈ വലിയ കാരുണ്യം കാണിച്ച അരുണിന്റെ കുടുംബത്തിന് നാടൊന്നാകെ നന്ദി പറയുകയാണ്.കഴിഞ്ഞ പത്തിനാണ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വെച്ച് അരുൺ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെടുന്നത്. ഓഫീസിലെ ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്നു അരുൺ.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അരുണിനെ ഉടൻ തന്നെ ചെന്നൈയിലെ രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിദഗ്ദ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരമാവധി ചികിത്സകൾ നൽകിയെങ്കിലും കഴിഞ്ഞ ശനിയാഴ്ചയോടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.മകന്റെ വേർപാട് താങ്ങാനാവാത്തതായിരുന്നുവെങ്കിലും, അവന്റെ ഓർമ്മകൾക്കൊപ്പം ശരീരഭാഗങ്ങളും മറ്റുള്ളവരിലൂടെ ജീവിക്കട്ടെ എന്ന് മാതാപിതാക്കളായ ഹരികുമാറും ശ്രീലതയും തീരുമാനിക്കുകയായിരുന്നു.

നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അരുണിന്റെ ഹൃദയം, കണ്ണ്, വൃക്കകൾ ഉൾപ്പെടെയുള്ള അവയവങ്ങൾ തമിഴ്‌നാട് സ്വദേശികളായ പത്ത് പേർക്കായി മാറ്റിവെച്ചു. അരുണിന്റെ വിയോഗത്തിലും ആ കുടുംബം കാട്ടിയ ഈ വലിയ മനസ്സ് സമൂഹത്തിന് മുഴുവൻ വലിയൊരു മാതൃകയാണ്.