Banner Ads

അന്തർസംസ്ഥാന എം.ഡി.എം.എ കടത്ത് സംഘത്തിലെ പ്രധാനികൾ മുംബൈയിൽ പിടിയിൽ; അറസ്റ്റിലായത് നൈജീരിയൻ പൗരനും ഭാര്യയും

മലപ്പുറം: കേരളത്തിലേക്കും കർണാടകയിലേക്കും വൻതോതിൽ എം.ഡി.എം.എ (MDMA) കടത്തുന്ന ലഹരിമാഫിയ സംഘത്തിലെ പ്രധാന കണ്ണികളായ നൈജീരിയൻ പൗരനെയും ഭാര്യയെയും പോലീസ് പിടികൂടി. നൈജീരിയൻ സ്വദേശി ഇക്കേചുക്യു പോൾ ഒഗ്‌ബോണ്ണ (40), ഭാര്യ മുംബൈ സ്വദേശിനി ആരതി (42) എന്നിവരെയാണ് കൊണ്ടോട്ടി പോലീസും മലപ്പുറം ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്. നൈജീരിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇരുവരും വലയിലായത്.

മുംബൈയിൽ നിന്ന് കൊണ്ടോട്ടിയിലെത്തിച്ച പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കഴിഞ്ഞ ജൂൺ 26-ന് പുളിക്കൽ അരൂരിൽ നിന്ന് എം.ഡി.എം.എയുമായി തട്ടാരംചോല സ്വദേശി രതീഷ് (38) പിടിയിലായതോടെയാണ് അന്തർസംസ്ഥാന ലഹരിക്കടത്ത് ശൃംഖലയെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഘത്തിലെ കണ്ണികളായ പുളിക്കൽ അരൂർ സ്വദേശി ഷഫീഖ്, കുറ്റിപ്പുറം സ്വദേശി ഹാരിസ്, പാലക്കാട് സ്വദേശി സലാഹുദ്ദീൻ, മലപ്പുറം ചോക്കാട് സ്വദേശി അജ്മൽ, തിരുവനന്തപുരം സ്വദേശി സൂര്യ, മഞ്ചേരി സ്വദേശി ജാബിർ അലി, തമിഴ്‌നാട് ഊട്ടി സ്വദേശി കാർത്തിക് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

.ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച നിർണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘം മുംബൈയിലെത്തി പോളിനെയും ഭാര്യയെയും കുടുക്കിയത്.ലഹരിക്കടത്ത് ശൃംഖലയിലെ ഏറ്റവും പ്രധാനിയാണ് പിടിയിലായ പോൾ എന്ന് പോലീസ് വ്യക്തമാക്കി. ഏകദേശം 15 വർഷം മുമ്പ് ഇന്ത്യയിലെത്തിയ ഇയാൾ എട്ട് വർഷം മുമ്പ് ആരതിയെ വിവാഹം കഴിച്ച് മുംബൈയിൽ കുടുംബമായി താമസിച്ചുവരികയായിരുന്നു. ഇതിന്റെ മറവിലാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിച്ചിരുന്നത്.