Banner Ads

ഇൻസ്റ്റാഗ്രാം സൗഹൃദം കെണിയായി; 19-കാരനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ യുവതിയും സുഹൃത്തും പിടിയിൽ.

തിരുവനന്തപുരം: ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം നടിച്ച് വിളിച്ചുവരുത്തിയ ശേഷം യുവാവിനെ മർദിച്ച് പണം തട്ടിയ സംഘം അറസ്റ്റിലായി. കീഴ്‌തോന്നയ്ക്കൽ സ്വദേശിയായ പത്തൊൻപതുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ ചെല്ലമംഗലം സ്വദേശി സൂര്യ (19), പാപ്പനംകോട് സ്വദേശി കൈലാസ് (20) എന്നിവരെയാണ് ശ്രീകാര്യം പോലീസ് പിടികൂടിയത്.ഈ മാസം 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഇൻസ്റ്റാഗ്രാം വഴി യുവാവുമായി സൗഹൃദത്തിലായ സൂര്യ, ഇയാളെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. യുവതി നൽകിയ ലൊക്കേഷനിൽ എത്തിയ യുവാവിനെ കൈലാസും സംഘവും ചേർന്ന് ബലമായി സ്കൂട്ടറിൽ കയറ്റി തട്ടിക്കൊണ്ടുപോയി.സംഗീത നഗറിലെ ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു. തുടർന്ന് യുവാവിന്റെ ഫോൺ പിടിച്ചുവാങ്ങിയ പ്രതികൾ, എസ്.ബി.ഐ യോനോ (SBI Yono) ആപ്പ് വഴി 10,000 രൂപയും മറ്റൊരു നമ്പറിലേക്ക് 2,500 രൂപയും നിർബന്ധപൂർവ്വം കൈമാറ്റം ചെയ്യിച്ചു.

യുവാവിന്റെ കൈവശമുണ്ടായിരുന്ന പണവും സ്വർണ്ണവും കവർന്ന ശേഷം സംഘം ഇയാളെ വഴിയിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.പരിക്കേറ്റ യുവാവ് നൽകിയ പരാതിയിൽ ശ്രീകാര്യം പോലീസ് നടത്തിയ കൃത്യമായ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. കവർച്ചാ സംഘത്തിൽ ഉൾപ്പെട്ട മറ്റ് അംഗങ്ങൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. അറസ്റ്റിലായ സൂര്യയെയും കൈലാസിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.