
മലപ്പുറം: പാതായ്ക്കരയിലെ ജനവാസ മേഖലയോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി. പറമ്പിൽ പാമ്പിനെ കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുകയായിരുന്നു.പിടികൂടിയ പാമ്പിനെ ഉടൻ തന്നെ പെരിന്തൽമണ്ണ വെറ്ററിനറി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഡോക്ടർമാരുടെ നേതൃത്വത്തിൽ ശരീരത്തിലെ പരിക്കുകൾ പരിശോധിച്ച ശേഷം ആവശ്യമായ വിദഗ്ധ ചികിത്സ ലഭ്യമാക്കി.ആരോഗ്യനില മെച്ചപ്പെടുന്നതുവരെ പാമ്പിനെ ഡോക്ടർമാരുടെയും വനംവകുപ്പിന്റെയും നിരീക്ഷണത്തിൽ പാർപ്പിക്കും. പൂർണ്ണമായി ആരോഗ്യം വീണ്ടെടുത്ത് സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് മടങ്ങാൻ പ്രാപ്തനാകുന്നതോടെ പാമ്പിനെ ഉൾവനത്തിലേക്ക് തുറന്നുവിടുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.