
കൽപ്പറ്റ: വയനാട്ടിലെ വീട്ടിൽ നിന്ന് വൻ മദ്യശേഖരം പിടിച്ചെടുത്ത കേസിൽ റിപ്പോർട്ടർ ടി.വി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതി നിലവിൽ മാനന്തവാടി ജില്ലാ ജയിലിലാണ്.അതേസമയം, പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിട്ടുകിട്ടാൻ എക്സൈസ് ഇന്ന് ബത്തേരി കോടതിയിൽ അപേക്ഷ നൽകും.
ആന്റോയുടെ വാഴവറ്റയിലെ കുടുംബവീട്ടിൽ നിന്ന് പിടിച്ചെടുത്ത കൂട്ടത്തിൽ 12.75 ലിറ്റർ വ്യാജമദ്യമുണ്ടെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം.ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ റെയ്ഡിനിടെയാണ് ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് വൻ മദ്യശേഖരം കണ്ടെത്തിയത്. 43 ലിറ്റർ വിദേശമദ്യവും 22 ലിറ്റർ വൈനും ഉൾപ്പെടെ 67 ലിറ്റർ മദ്യമാണ് ഇവിടെനിന്ന് എക്സൈസ് സംഘം പിടിച്ചെടുത്തത്.നിയമപ്രകാരം ഒരാൾക്ക് വീട്ടിൽ പരമാവധി മൂന്ന് ലിറ്റർ മദ്യം മാത്രമേ സൂക്ഷിക്കാൻ അനുമതിയുള്ളൂ.
സ്വന്തം ആവശ്യത്തിനാണെങ്കിൽ പോലും 12 മുതിർന്ന വ്യക്തികൾ അവിടെ സ്ഥിരതാമസക്കാരാണെന്ന് തെളിയിച്ചാൽ മാത്രമേ ഈ അളവിൽ മദ്യം കൈവശം വെക്കാനാകൂ. എന്നാൽ ഇത് തെളിയിക്കാൻ പ്രതിക്കായില്ല.അനധികൃതമായി മദ്യം സൂക്ഷിച്ചതിനും വിൽപ്പന ലക്ഷ്യമിട്ടതിനും കേരള അബ്കാരി നിയമത്തിലെ 55(a), 55(i), 58 എന്നീ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് എക്സൈസ് കേസെടുത്തിരിക്കുന്നത്. പ്രതിക്കെതിരെയുള്ള ക്രിമിനൽ പശ്ചാത്തലവും കേസെടുക്കുന്നതിൽ നിർണ്ണായകമായി. ഇത്രയധികം മദ്യം എത്തിച്ചതിൽ നികുതിവെട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന കാര്യവും എക്സൈസ് പ്രത്യേകമായി അന്വേഷിക്കും.