Banner Ads

കൊച്ചിയിൽ ജില്ലാ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ആഡംബര കാറിടിച്ച്; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കൊച്ചി : കൊച്ചി ചേരാനല്ലൂരിൽ 17 വയസുകാരൻ ഓടിച്ച ആഡംബര കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ ആണ് മരിച്ചത്. ജില്ലാ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകനാണ് നിയമവിരുദ്ധമായി കാറോടിച്ച് അപകടമുണ്ടാക്കിയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

ജയബാലകൃഷ്ണൻ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ അമിതവേഗതയിലെത്തിയ ആഡംബര കാർ ഇടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന 17 വയസുകാരനെ ചേരാനല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരെ 281 (അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ), 106 (1) (അശ്രദ്ധമൂലമുള്ള മരണം) വകുപ്പുകൾ പ്രകാരം കേസെടുത്തു.

കാർ അമിത വേഗതയിലായിരുന്നുവെന്ന് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കൾ ആരോപിച്ചു. 17 വയസുള്ള മകന് വാഹനം നൽകിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ പിതാവായ അഡീഷണൽ ജഡ്ജി ധിക്കാരപൂർവമാണ് പ്രതികരിച്ചതെന്നും ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതി എത്ര ഉന്നതനായാലും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും നിസ്സാരവും ജാമ്യം ലഭിക്കുന്നതുമായ വകുപ്പുകൾ ചുമത്തി പ്രതിയെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ബന്ധുക്കൾ വ്യക്തമാക്കി.