Banner Ads

പ്രായപൂർത്തി പരിധി 18 വയസ്സാക്കി നിശ്ചയിച്ചതിനെതിരെ ഹൈക്കോടതി; നെടുമ്പാശ്ശേരി അപകടത്തിൽ ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കൊച്ചി: 18 വയസ്സിൽ താഴെയാണെന്ന ബോധ്യത്തോടെയാണ് പല കൗമാരക്കാരും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതെന്നും എന്നിട്ടും അവരെ പ്രായപൂർത്തിയായവരായി പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും കേരള ഹൈക്കോടതി. പ്രായപൂർത്തി നിർണയിക്കുന്നതിനായി 18 വയസ്സ് എന്ന പരിധി നിശ്ചയിച്ചതിനെക്കുറിച്ചായിരുന്നു കോടതിയുടെ സുപ്രധാനമായ വാക്കാലുള്ള പരാമർശം.നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് 19-കാരൻ ഓടിച്ച ആഡംബരക്കാറിടിച്ച് മൂന്നുപേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം ആരാഞ്ഞത്.

കേസിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയായിരുന്നു കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.സൂര്യൻ ഉദിക്കുന്ന ദിശയെ ഉദാഹരണമാക്കിയാണ് കോടതി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. “സൂര്യൻ ഉദിക്കുന്നിടമാണ് കിഴക്ക്. അതുപോലെ പ്രായപൂർത്തിയാകുന്നത് 18 വയസ്സിലാണെന്ന മുൻകൂട്ടിയുള്ള ധാരണയല്ല, മറിച്ച് പ്രായപൂർത്തിയാകുന്ന യഥാർത്ഥ പ്രായത്തിനാണ് പ്രാധാന്യം നൽകേണ്ടത്. 16 വയസ്സിലാണ് പ്രായപൂർത്തിയാകുന്നതെങ്കിൽ അതിനുള്ള പ്രായപരിധിയും 16 ആകണമല്ലോ” എന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, 19-കാരന് മദ്യം വിളമ്പിയ ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകുന്നത് തടയുന്നതിനായി പുതിയ മദ്യനയത്തിൽ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തുമെന്നും സർക്കാർ വ്യക്തമാക്കി. തുടർന്ന് ഹർജി വിശദമായ വാദത്തിനായി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ കോടതി മാറ്റിവെച്ചു.