Banner Ads

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തി.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട്.

മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യത.വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട അതികഠിനമായ ചൂടാണ് പെട്ടെന്നുള്ള ഈ ശക്തമായ മഴയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.മുൻദിവസങ്ങളിൽ മഴ കുറഞ്ഞതോടെ മേഘാവരണം കുറയുകയും സൗര വികിരണം നേരിട്ട് പതിച്ച് ഭൂമി കൂടുതൽ ചൂടാവുകയും ചെയ്തു.

താപനിലയും വായുവിലെ ഈർപ്പവും ഉയർന്നതോടെ വായു ഘനീഭവിച്ച് മേഘങ്ങൾ രൂപപ്പെട്ടു. ഇതിനൊപ്പം ന്യൂനമർദം കൂടി രൂപപ്പെട്ടതാണ് പെട്ടെന്ന് വൻ മഴയ്ക്ക് സാഹചര്യമൊരുക്കിയത്.ഇന്നലെ രാത്രിയിലും ഇന്ന് പുലർച്ചെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി മഴ പെയ്തിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ മലയോര തീരദേശ മേഖലകളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.