
പാലക്കാട് : ഒറ്റപ്പാലം – ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ റെയിൽവേ ട്രാക്കിൽ ഭാരമേറിയ വസ്തുക്കൾ കണ്ടെത്തി. മൂന്നിടങ്ങളിലായാണ് വസ്തുക്കൾ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 10.30 നും 11.30 നും ഇടയിലുള്ള സമയത്തായിരുന്നു സംഭവം. കോൺക്രീറ്റ് സ്ലാബ്, റെയിലിന്റെ കഷ്ണം, ചാക്കിൽ കട്ടപിടിച്ച നിലയിലുള്ള സിമന്റ് എന്നിവയാണ് ട്രാക്കിൽ വെച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ബിഹാർ സ്വദേശിയായ ഷുക് ലാൽ മറിയ എന്ന യുവാവിനെ റെയിൽവേ സംരക്ഷണ സേന കസ്റ്റഡിയിലെടുത്തു.
യുവാവിനെ ചോദ്യം ചെയ്തു വരികയാണ്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇയാൾ തന്നെയാണോ ഈ വസ്തുക്കൾ ട്രാക്കിൽ കൊണ്ടുപവെച്ചത് അതോ സംഭവത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും പ്രേരണയുണ്ടോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ട്രെയിൻ പാളം തെറ്റിക്കാനുള്ള അട്ടിമറി ശ്രമമാണോ നടന്നതെന്ന് നിലവിൽ വ്യക്തമായിട്ടില്ല.
എന്നാൽ പകൽ സമയത്ത് ഇത്തരം അട്ടിമറി ശ്രമങ്ങൾ നടക്കാനുള്ള സാധ്യത കുറവാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.