
തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്തുള്ള ‘ഹാപ്പിലാൻഡ്’ അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണ് അഞ്ച് പേർക്ക് പരിക്ക്. പാർക്കിലെ ജയൻ്റ് വീൽ കറങ്ങിക്കൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. അപകടസമയത്ത് ഇരുപത്തിയാറോളം പേർ ജയന്റ് വീലിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.
അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരെയും ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നുള്ള പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ജയന്റ് വീൽ ഉയരത്തിലേക്ക് പൊങ്ങിയ സമയത്ത് അതിന്റെ പ്രധാന ഭാഗത്തെ വെൽഡിങ് വേർപെട്ടതാണ് പെട്ടെന്നുള്ള തകർച്ചയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.അമ്യൂസ്മെന്റ് പാർക്കിലെ റൈഡുകളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നതിനെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റൈഡ് തകരുമ്പോൾ വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. സംഭവത്തെക്കുറിച്ച് പോലീസും റവന്യൂ അധികൃതരും കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്.