
സുൽത്താൻ ബത്തേരി: തമിഴ്നാട് ഗൂഢല്ലൂരും സമീപ പ്രദേശങ്ങളിലും ജനവാസ മേഖലയിലിറങ്ങുന്ന കാട്ടുപോത്തുകൾ വൻ നാശനഷ്ടമുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം കോത്തഗിരിക്ക് അടുത്തുള്ള എസ്. കൈകാട്ടിയിൽ ജനവാസ മേഖലയിലിറങ്ങിയ മൂന്ന് കാട്ടുപോത്തുകൾ റോഡരികിലും മൈതാനത്തും നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കുത്തിത്തകർത്തു.ഇന്നലെ രാവിലെ പ്രദേശത്തെ ഗ്രൗണ്ടിൽ പുല്ലുതിന്നുകയായിരുന്ന മൂന്ന് കാട്ടുപോത്തുകൾ ആദ്യം പരസ്പരം കൊമ്പുകോർക്കുകയായിരുന്നു.
എന്നാൽ പൊടുന്നനെ അക്രമകാരികളായ പോത്തുകൾ സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് നേരെ തിരിഞ്ഞു.നാട്ടുകാർ ബഹളം വെച്ച് ഓടിക്കാൻ ശ്രമിച്ചെങ്കിലും പിന്തിരിയാതിരുന്ന കാട്ടുപോത്തുകൾ കാറുകളുടെ പിൻഗ്ലാസുകളും ബോഡിയും തകർത്തു. തുടർന്ന് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കൊമ്പിൽ കോർത്ത് ചുഴറ്റിയെറിയുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് കാട്ടുപോത്ത് ശല്യം രൂക്ഷമായതോടെ ഭീതിയിലാണ് നാട്ടുകാർ.