Banner Ads

സംസ്ഥാനത്ത് പ്രളയസമാനമായ മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; വയനാട്ടിൽ ടൂറിസത്തിന് വിലക്ക്, സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധയിടങ്ങളിൽ തീവ്രമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം  ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. ഇന്ന് (25/10/2026) കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലർട്ടാണ്.

നാളെ (26/10/2026) പാലക്കാട്, ഇടുക്കി ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ സ്കൂളുകൾക്കും മദ്രസകൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി നൽകി. വയനാട് ജില്ലയിൽ വിനോദസഞ്ചാരത്തിന് പൂർണ വിലക്ക് ഏർപ്പെടുത്തി.

ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തേനി, മധുര, ദിണ്ടിഗൽ ഉൾപ്പെടെ 34 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊടൈക്കനാലിൽ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുകയും നീലഗിരിയിൽ യാത്രകൾക്ക് നിയന്ത്രണങ്ങൾ തുടരുകയും ചെയ്യും.

കർണാടകത്തിലും അതിശക്തമായ മഴ മുന്നറിയിപ്പുണ്ട്. ഉഡുപ്പി, ദക്ഷിണ കന്നഡ, കൊടക്, മൈസൂരു, ചാമരാജ് നഗർ, ഹാസൻ, ബല്ലാരി ജില്ലകളിൽ ഓറഞ്ച് അലർട്ടും, ബെംഗളൂരു അടക്കമുള്ള മറ്റ് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചു. തീരദേശ-മലയോര മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദേശമുണ്ട്.