
തൃശൂർ: പെട്രോളിലെ എഥനോളിന്റെ അളവ് കാലക്രമേണ വർധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിലവിൽ 20 ശതമാനമാണ് അംഗീകരിച്ചിട്ടുള്ളതെന്നും ശാസ്ത്രീയമായ സാധ്യതകൾ പരിശോധിച്ച ശേഷം ഇതിൽ വർധന വരുത്തുമെന്നും അദ്ദേഹം തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
എഥനോൾ അളവ് കണ്ടെത്താൻ കേരളവും കർണാടകയും പരിശോധന നടത്തട്ടെ എന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി, രാഷ്ട്രീയ നേട്ടത്തിനുവേണ്ടി സാങ്കേതിക കുത്തിത്തിരിപ്പുകൾ നടത്തിയാൽ അതിന്റെ പ്രത്യാഘാതം ആർക്കാവും ഉണ്ടാകുകയെന്ന് കാത്തിരുന്ന് കാണാമെന്നും മുന്നറിയിപ്പ് നൽകി.
അതേസമയം, കേരളത്തിൽ വിൽക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന പരാതികൾ ശക്തമായിരിക്കുകയാണ്. പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ ഓഫീസിലേക്ക് ഇതുസംബന്ധിച്ച് നിരവധി ഫോൺ കോളുകളാണ് എത്തിയത്. ഏറ്റവും കൂടുതൽ പരാതികൾ ഉയർന്ന തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ നാല് ജില്ലകളിലെ പെട്രോൾ പമ്പുകളിലും ടാങ്കറുകളിലും നാളെ മുതൽ പരിശോധന ആരംഭിക്കും.
ഉപഭോക്തൃകാര്യ കമ്മീഷണറുടെ നേതൃത്വത്തിലാണ് ആദ്യഘട്ട പരിശോധനകൾ നടക്കുക. ഇന്ധനത്തിൽ കൃത്രിമം കാണിച്ചതായി തെളിഞ്ഞാൽ പമ്പുകളുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള കർശന നടപടികളിലേക്ക് കടക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.