
കോഴിക്കോട്: മദ്യലഹരിയിൽ യുവാവ് കാറുമായി നടത്തിയ മരണപ്പാച്ചിലിൽ പ്രദേശത്ത് വൻ നാശനഷ്ടം. കാൽനടയാത്രക്കാരടക്കമുള്ളവർ തലനാരിഴയ്ക്കാണ് ജീവാപായത്തിൽ നിന്നും രക്ഷപ്പെട്ടത്. അപകടകരമായ രീതിയിൽ വാഹനമോടിച്ച പൂളക്കോട് നായർകുഴി സ്വദേശി അനീഷ് രാജുവിനെ മുക്കം പോലീസ് കസ്റ്റഡിയിലെടുത്തു.
മുക്കം അഗസ്ത്യമുഴി ഭാഗത്ത് നിന്ന് കുന്നമംഗലം ഭാഗത്തേക്ക് ഇന്നോവ കാറുമായി അമിത വേഗതയിൽ പാഞ്ഞെത്തുകയായിരുന്നു യുവാവ്.അഗസ്ത്യമുഴി വളവിൽ വെച്ച് ഒരു കാറിൽ ഇടിച്ച് ആദ്യം അപകടമുണ്ടാക്കിയെങ്കിലും വാഹനം നിർത്താതെ ഇയാൾ വീണ്ടും അമിതവേഗതയിൽ മുന്നോട്ട് പോയി. ഇതിനിടയിൽ മറ്റ് ചില വാഹനങ്ങൾക്കും ഇയാൾ കേടുപാടുകൾ വരുത്തി.ഒടുവിൽ മാമ്പറ്റയിലെ ഒരു വീടിന്റെ ചുറ്റുമതിൽ പൂർണ്ണമായും ഇടിച്ചു തകർത്താണ് കാർ നിന്നത്.