
കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ (AMMA) ആഭ്യന്തര തർക്കം പുതിയ തലത്തിലേക്ക്. പരസ്യ പ്രസ്താവനകളിലൂടെ സംഘടനയെ തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് നടി അൻസിബ ഹസന് സംഘടന കാരണം കാണിക്കൽ നോട്ടീസ് നൽകി. ഈ മാസം 17-ാം തീയതിക്കകം വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നാണ് മുന്നറിയിപ്പ്.
അൻസിബയുടെ പരസ്യ പ്രതികരണങ്ങൾ സംഘടനയ്ക്ക് വലിയ കളങ്കമുണ്ടാക്കിയെന്നും, ആഭ്യന്തര പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാമായിരുന്നെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.കഴിഞ്ഞ ഫെബ്രുവരി 14-ന് നടന്ന സംഘടനയുടെ കുടുംബസംഗമത്തിന്റെ സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ദല്ലാൾ നന്ദകുമാർ പ്രസിഡന്റായ വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം പരിപാടിയുടെ സ്‌പോൺസറാകുന്നതിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അൻസിബ ഉൾപ്പെടെയുള്ളവർ ശക്തമായി എതിർത്തിരുന്നു.
ഒരു മതസ്ഥാപനം സംഘടനയുടെ ഔദ്യോഗിക പരിപാടി സ്‌പോൺസർ ചെയ്യുന്നതിലുള്ള വിയോജിപ്പായിരുന്നു ഇത്. ഈ തർക്കങ്ങൾക്ക് പിന്നാലെ അൻസിബ ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് അൻസിബയുടെ രാജിയെന്നായിരുന്നു പ്രസിഡന്റ് ശ്വേത മേനോൻ വ്യക്തമാക്കിയതെങ്കിലും, നടൻ ടിനി ടോം ആണ് തന്റെ രാജിക്ക് പിന്നിലെന്ന് അൻസിബ പിന്നീട് വെളിപ്പെടുത്തി.ടിനി ടോം തനിക്കെതിരെ വ്യക്തിഹത്യയും മതപരമായ ആക്ഷേപങ്ങളും ഉന്നയിച്ചതായി അൻസിബ ആരോപിച്ചു.
താൻ ആളുകളെ മതം മാറ്റാൻ ശ്രമിക്കുന്നുവെന്ന് ടിനി ടോം പ്രചരിപ്പിച്ചതായും അൻസിബ പറഞ്ഞു. ഇതിനുപുറമേ, തൃപ്പൂണിത്തുറ എസ്ഐ രേഷ്മ, നടി ലക്ഷ്മിപ്രിയ എന്നിവർക്കെതിരെ അൻസിബ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. ഈ പരാതി മുഖ്യമന്ത്രി പോലീസ് മേധാവിക്ക് കൈമാറി. കേരളം പോലുള്ള ഒരു സെക്കുലർ സമൂഹത്തിന് തെറ്റായ സന്ദേശം നൽകാനാണ് തന്റെ പേര് വെച്ച് ടിനി ടോം ശ്രമിച്ചതെന്നും, നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അൻസിബ വ്യക്തമാക്കി.