
കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡി.ജി.പി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിനതടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം വിജിലൻസ് കോടതിയുടേതാണ് ചരിത്രപരമായ ഈ വിധി. സംസ്ഥാന പോലീസിലെ ഉയർന്ന പദവി അലങ്കരിച്ച വ്യക്തിയായതിനാൽ പ്രതി യാതൊരുവിധ ശിക്ഷാ ഇളവുകൾക്കും അർഹനല്ലെന്ന് വിധി പ്രസ്താവിക്കവെ കോടതി വ്യക്തമാക്കി.
ശിക്ഷാവിധിയെ തുടർന്ന് തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും.ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിന് മുൻപായി എന്തെങ്കിലും പറയാനുണ്ടോ എന്ന് വിചാരണക്കോടതി ആരാഞ്ഞപ്പോൾ തന്റെ ശാരീരിക ബുദ്ധിമുട്ടുകൾ തച്ചങ്കരി ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നെന്നും ശാരീരികമായി അസ്വസ്ഥനാണെന്നും അറിയിച്ചെങ്കിലും, പ്രോസിക്യൂഷന്റെ കടുത്ത വാദം അംഗീകരിച്ച് കോടതി പരമാവധി ശിക്ഷ തന്നെ വിധിക്കുകയായിരുന്നു.
2007-ൽ രജിസ്റ്റർ ചെയ്ത കേസിൽ നീണ്ട 19 വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ സർവീസിലിരിക്കെ, അറിയപ്പെടുന്ന വരുമാന മാർഗ്ഗങ്ങളേക്കാൾ 135 ശതമാനത്തോളം അധിക സ്വത്ത് കൈവശപ്പെടുത്തിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്.
സ്വത്തിന്റെ ഉറവിടം വ്യക്തമാക്കാൻ തച്ചങ്കരിക്ക് സാധിച്ചില്ലെങ്കിലും, വിജിലൻസ് ശേഖരിച്ച നിർണായക തെളിവുകളും ചെലവുകളുടെ രേഖകളും കേസിൽ നിർണ്ണായകമായി.2013-ൽ അന്നത്തെ എ.ഡി.ജി.പിയായിരുന്ന തച്ചങ്കരിക്കെതിരെ വിജിലൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ എല്ലാ ആരോപണങ്ങളും ശരിവെച്ചാണ് കോടതി ഇപ്പോൾ കർശന ശിക്ഷ ഉത്തരവായിരിക്കുന്നത്.