
തിരുവനന്തപുരം: കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്കിടെ തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിൽ ബിജെപി-യുഡിഎഫ് അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. കൗൺസിലർമാർ പരസ്പരം ഏറ്റുമുട്ടിയതോടെ കോർപ്പറേഷൻ ഓഫീസ് പരിസരത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. യുഡിഎഫ് അംഗങ്ങളുടെ കനത്ത പ്രതിഷേധത്തിനിടെ അജണ്ടകൾ വേഗത്തിൽ പാസാക്കി കൗൺസിൽ യോഗം പിരിഞ്ഞതിന് തൊട്ടുപിന്നാലെയാണ് സംഘർഷം ഉടലെടുത്തത്.
കാപ്പാ (KAAPA) കേസിൽ ഉൾപ്പെട്ട് നിലവിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതനെ കൗൺസിലിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് യുഡിഎഫ് കൗൺസിലർമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്.തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ കൗൺസിലർ അയോഗ്യനാക്കപ്പെടും. ജയിലിലുള്ള ആർ. സുഗതന് ഇന്ന് ഒപ്പിടാൻ കഴിഞ്ഞില്ലെങ്കിൽ അത് തുടർച്ചയായ രണ്ടാം യോഗത്തിലെ അസാന്നിധ്യമാകും. ഇത് ബിജെപിക്ക് നിയമപരമായ കുരുക്കാകും.
സുഗതന് അനുകൂലമായി ഹാജർ രേഖപ്പെടുത്തുന്നത് തടയാൻ യുഡിഎഫ് അംഗങ്ങൾ ഹാജർ ബുക്ക് പിടിച്ചടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം രൂക്ഷമായത്. ഇതിനിടെ രജിസ്റ്റർ കീറാനും ശ്രമമുണ്ടായി. ബിജെപി, എൽഡിഎഫ്, യുഡിഎഫ് കൗൺസിലർമാർ പരസ്പരം മുദ്രാവാക്യം വിളികളുമായി രംഗത്തെത്തിയതോടെ കൗൺസിൽ ഹാൾ യുദ്ധക്കളമായി മാറി.സംഘർഷത്തിനിടെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ബിജെപി കൗൺസിലറുമായ ചെമ്പഴന്തി ഉദയനെതിരെ യുഡിഎഫ് രംഗത്തെത്തി.
ചെമ്പഴന്തി ഉദയൻ കൗൺസിലിലെ വനിതാ അംഗങ്ങളെ കൈയേറ്റം ചെയ്തെന്നും മിനിറ്റ്സ് ബുക്ക് ബലമായി പിടിച്ച വാങ്ങാൻ ശ്രമിച്ചെന്നുമാണ് യുഡിഎഫിന്റെ പരാതി. നഗരസഭയിലെ അസാധാരണമായ ഈ സംഘർഷാവസ്ഥയെ തുടർന്ന് കൗൺസിൽ ഹാളിലും പരിസരത്തും ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.