Banner Ads

ചക്കക്കൊമ്പൻ ദൗത്യം ഉച്ചയ്ക്ക് ശേഷത്തേക്ക് മാറ്റി; ചിന്നക്കനാലിലെ ആറ് വാർഡുകളിൽ നിരോധനാജ്ഞ

ഇടുക്കി: ചിന്നക്കനാലിൽ ജനവാസ മേഖലയിൽ ഭീതി പരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള ദൗത്യം ഉച്ചയ്ക്ക് ശേഷത്തേക്ക് മാറ്റി. പുലർച്ചെ മുതൽ ‘മിഷൻ ചക്കക്കൊമ്പൻ’ ദൗത്യസംഘം തിരച്ചിൽ ആരംഭിച്ചിരുന്നെങ്കിലും നിലവിൽ ആന ഡാമിനോട് ചേർന്നുള്ള പ്രദേശത്ത് തുടരുന്നതിനാലാണ് നടപടികൾ വൈകുന്നത്.

പുലർച്ചെ ജലാശയത്തിൽ ഇറങ്ങിയ ചക്കക്കൊമ്പൻ മറുകരയിലേക്ക് നീന്തിക്കയറുകയായിരുന്നു. മയക്കുവെടി വയ്ക്കാൻ അനുയോജ്യമല്ലാത്ത ഭൂപ്രകൃതിയിലുള്ള സ്ഥലത്താണ് നിലവിൽ ആനയുള്ളത്. കൂടാതെ, രാവിലെ എട്ട് മണിക്ക് ശേഷം കിടന്നുറങ്ങുന്ന സ്വഭാവവും ആനയ്ക്കുണ്ട്. ഇക്കാരണങ്ങളാൽ ഉച്ചയ്ക്ക് ശേഷം അനുകൂല സാഹചര്യം ഒത്തുവരുന്ന മുറയ്ക്ക് ദൗത്യം പുനരാരംഭിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.ആനയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് ദൗത്യസംഘം പ്രദേശത്ത് തന്നെ ക്യാമ്പ് ചെയ്യുന്നുണ്ട്.

ദൗത്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ ബുധനാഴ്ച പുലർച്ചെ മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 1, 2, 9, 10, 11, 12 എന്നീ വാർഡുകളിലാണ് ദൗത്യം പൂർത്തിയാകുന്നത് വരെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.ഈ വാർഡുകളിലെ പൊതുസ്ഥലങ്ങളിലും ദൗത്യം നടക്കുന്ന മേഖലയോട് ചേർന്നുള്ള അപകടസാധ്യതയുള്ള പ്രദേശങ്ങളിലും അഞ്ചോ അതിലധികമോ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതും സംഘം ചേരുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്.