
കൊല്ലം: പാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ സ്വന്തം ജീവൻ പണയംവെച്ച് രക്ഷിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ. പുനലൂർ തൂക്കുപാലത്തിന് സമീപമുള്ള വലിയ പാലത്തിലായിരുന്നു സംഭവം. പുനലൂരിലെ ഓട്ടോ ഡ്രൈവറായ താജുദീന്റെ സമയോചിതമായ ഇടപെടലാണ് ഒരു ജീവൻ തിരിച്ചുനൽകിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
തമിഴ്നാട് രാജപാളയം സ്വദേശിയും പുനലൂരിലെ ഹോട്ടൽ ജീവനക്കാരനുമായ യുവാവാണ് ശക്തമായ ഒഴുക്കുള്ള ആറ്റിലേക്ക് ചാടാൻ ശ്രമിച്ചത്. ഇയാൾ പാലത്തിന്റെ കൈവരിയിൽ പിടിച്ചുകയറി താഴേക്ക് ചാടാൻ ആഞ്ഞ നിമിഷം, ഓടിയെത്തിയ താജുദ്ദീൻ യുവാവിന്റെ ഷർട്ടിന്റെ കോളറിൽ ബലമായി പിടിച്ച് പാലത്തിലേക്ക് വലിച്ചിറക്കുകയായിരുന്നു. തുടർന്ന് ഇയാളെ പുനലൂർ പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. ഹോട്ടൽ അധികൃതരുടെ സഹായത്തോടെ യുവാവിനെ പിന്നീട് നാട്ടിലേക്ക് മടക്കിയയച്ചു.