Banner Ads

ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം: ഡി.ജി.പി ആഭ്യന്തരമന്ത്രിയെ കണ്ടു; പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാന ഡി.ജി.പി റവാഡ ചന്ദ്രശേഖർ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ ആഭ്യന്തരമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് ഡി.ജി.പി വിശദീകരണം നൽകിയത്. സംഭവത്തിൽ പൊലീസിന് സുരക്ഷാവീഴ്ച സംഭവിച്ചോ എന്ന് വ്യക്തമാക്കാൻ ആഭ്യന്തരമന്ത്രി നേരത്തെ ഡി.ജി.പിക്ക് നിർദ്ദേശം നൽകിയിരുന്നു.

ഡി.ജി.പിക്കൊപ്പം ഇന്റലിജൻസ് ഐ.ജി പി. വിജയൻ, മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവും മുൻ ഡി.ജി.പിയുമായ ഹേമചന്ദ്രൻ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാരും ഗവർണറും സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഇതിന് മറുപടി നൽകേണ്ട പശ്ചാത്തലത്തിലാണ് ആഭ്യന്തര വകുപ്പ് അടിയന്തര യോഗം ചേർന്നത്.തിരുവനന്തപുരത്ത് നടന്ന ഇ.ഡി പരിശോധനയെക്കുറിച്ച് പൊലീസിനോ ആഭ്യന്തര വകുപ്പിനോ മുൻകൂട്ടി യാതൊരു വിവരവും ലഭിച്ചിരുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ നടന്നത് ആസൂത്രിതമായ ആക്രമണമാണെന്നും ഇതിനെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ല. റെയ്ഡ് വിവരങ്ങൾ മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ ആവശ്യമായ സുരക്ഷ മുൻകൂട്ടി ഒരുക്കാമായിരുന്നു. സ്ഥലത്ത് ആളുകൾ തടിച്ചുകൂടിയപ്പോൾ ക്രമസമാധാന പാലനത്തിനായി പൊലീസ് സമയോചിതമായി ഇടപെടുകയാണ് ചെയ്തത്.ജനാധിപത്യപരമായ പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നതിന് എതിരല്ല, എന്നാൽ നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ഇന്നലെയുണ്ടായ സംഭവങ്ങൾ ആഭ്യന്തര വകുപ്പിന് വലിയ രാഷ്ട്രീയ സമ്മർദ്ദമാണ് ഉണ്ടാക്കിയിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിൽ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യവും, ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരുടെ തലപ്പത്ത് വരുത്തേണ്ട മാറ്റങ്ങളും ഇന്നത്തെ യോഗത്തിൽ ചർച്ചയായിട്ടുണ്ട്. നിലവിൽ തലസ്ഥാനത്തിന് പുറത്തുള്ള മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷം മാത്രമേ പൊലീസിലെ ഉന്നതതല പൊളിച്ചെഴുത്ത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകൂ.