Banner Ads

അടൂരിൽ കെഎസ്ഇബിയെ പണിഞ്ഞ് സാമൂഹിക വിരുദ്ധർ: ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരിയെറിഞ്ഞു; അന്വേഷണം ശക്തമാക്കി പൊലീസ്

പത്തനംതിട്ട : അടൂർ നെടുംകുളഞ്ഞിയിൽ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി മാറ്റി വൈദ്യുതി വിച്ഛേദിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കെഎസ്ഇബി. അടൂർ സെക്ഷന് കീഴിലെ പന്നിവിഴ നെടുംകുളഞ്ഞി ഭാഗത്താണ് കഴിഞ്ഞ ദിവസം അർദ്ധരാത്രി 12 മണിയോടെ സാമൂഹിക വിരുദ്ധരുടെ അതിക്രമം നടന്നത്.

ഇന്നലെ രാത്രി 8.30 മുതൽ 9 മണി വരെ മുൻകൂട്ടി അറിയിപ്പ് നൽകി ഈ മേഖലയിൽ കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചിരുന്നു. എന്നാൽ രാത്രി 12 മണിയോടെ പ്രദേശത്ത് വീണ്ടും വൈദ്യുതി മുടങ്ങി. നൂറിലധികം വീടുകൾ ഒരു മണിക്കൂറോളം ഇരുട്ടിലായതോടെ ഉപഭോക്താക്കൾ കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ച് പ്രതിഷേധമറിയിച്ചു.

തുടർന്ന് ജീവനക്കാരെത്തി നടത്തിയ പരിശോധനയിലാണ് ട്രാൻസ്ഫോർമറിലെ ഫ്യൂസുകൾ ഊരി എറിഞ്ഞ നിലയിൽ കണ്ടെത്തിയത്. ബോധപൂർവം സൃഷ്ടിച്ച പവർകട്ടാണെന്ന് വ്യക്തമായതോടെ അടൂർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അടൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ വൈദ്യുതി മന്ത്രി കെഎസ്ഇബി ചെയർമാനോട് റിപ്പോർട്ട് തേടി. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ഗൂഢാലോചനയാണോ ഇതെന്ന് സംശയമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അടൂർ കെഎസ്ഇബി ഓഫീസിലേക്ക് സിപിഐ അടക്കമുള്ള സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.