Banner Ads

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം; കോഴിക്കോട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. കോഴിക്കോട് കൊയിലാണ്ടി നടേരി സ്വദേശിയായ ബിജുവാണ് മരണത്തിന് കീഴടങ്ങിയത്. രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.

കഴിഞ്ഞ ബുധനാഴ്ച മെഡിക്കൽ കോളേജിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് ബിജുവിന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. കൊല്ലം ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ് മരണപ്പെട്ട ബിജു.രോഗ ഉറവിടം കണ്ടെത്താനായില്ല കിണർ വെള്ളത്തിൽ നിന്ന് ബാധിച്ചതെന്ന് സംശയംസാധാരണയായി കെട്ടിക്കിടക്കുന്ന ജലാശയങ്ങളിൽ കുളിക്കുന്നതിലൂടെയാണ് ഈ രോഗം പിടിപെടാറുള്ളത്.

എന്നാൽ ബിജു പൊതു ജലാശയങ്ങളിൽ കുളിച്ചതായി വിവരമില്ലാത്തതിനാൽ വീട്ടിലെ കിണർ വെള്ളത്തിൽ നിന്നാകാം രോഗാണു ശരീരത്തിൽ പ്രവേശിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.ബിജു ഉപയോഗിച്ചിരുന്ന കിണറ്റിലെ വെള്ളത്തിന്റെ സാംപിളുകൾ കൂടുതൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രദേശത്ത് ക്ലോറിനേഷൻ അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.