Banner Ads

കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായുഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു; രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ നിർദേശം

തിരുവനന്തപുരം: കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായുഗുണനിലവാരം വിലയിരുത്തുന്നതിനും വായുമലിനീകരണം നിയന്ത്രിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ സമർപ്പിക്കുന്നതിനുമായി സംസ്ഥാന സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നൽകിയിരിക്കുന്ന നിർദേശം.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായുഗുണനിലവാരത്തിലുണ്ടായ മാറ്റങ്ങൾ സമിതി വിശദമായി പരിശോധിക്കും.വായുഗുണനിലവാരം കുറയുന്നതിനുള്ള കാരണങ്ങളും മലിനീകരണത്തിന്റെ പ്രധാന ഉറവിടങ്ങളും കണ്ടെത്തി നിയന്ത്രണ നടപടികൾ നിർദേശിക്കും.

ഇരുനഗരങ്ങളിലെയും തത്സമയ വായുഗുണനിലവാര സൂചിക (AQI) പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള ആശയവിനിമയ സംവിധാനവും സമിതി ശുപാർശ ചെയ്യും.