Banner Ads

പാമ്പുകടിയേറ്റതിന് പിന്നാലെ കടിച്ച പാമ്പിനെയും കുപ്പിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; ഞെട്ടി ഡോക്ടർമാർ

കൊല്ലം: പാമ്പുകടിയേറ്റതിന് പിന്നാലെ കടിച്ച പാമ്പിനെയും കുപ്പിയിലാക്കി ആശുപത്രിയിലെത്തി ഡോക്ടർമാരെയും ജീവനക്കാരെയും ഞെട്ടിച്ച് യുവാവ്. കൊട്ടാരക്കര പള്ളിക്കൽ സ്വദേശി ആഷ്‌ലിയാണ് കടിച്ച പാമ്പുമായി താലൂക്ക് ആശുപത്രിയിലെത്തിയത്.കടിയേറ്റയുടൻ ഒട്ടും പരിഭ്രമിക്കാതെ പാമ്പിനെ കൈക്കലാക്കി കുപ്പിയിലാക്കിയ ശേഷം യുവാവ് ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു.

യുവാവ് പാമ്പുമായി എത്തിയത് ആശുപത്രിയിൽ ചെറിയ രീതിയിൽ ആശങ്ക സൃഷ്ടിച്ചെങ്കിലും ഡോക്ടർമാർ വേഗത്തിൽ തന്നെ ആവശ്യമായ പ്രതിരോധ ചികിത്സകൾ ലഭ്യമാക്കി.
യുവാവിന്റെ ആരോഗ്യനില നിലവിൽ ഡോക്ടർമാർ നിരീക്ഷിച്ചു വരികയാണ്. അതേസമയം, പാമ്പുകടിയേറ്റാൽ പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നത് കൂടുതൽ അപകടമുണ്ടാക്കുമെന്നും കഴിയുമെങ്കിൽ ദൂരെനിന്ന് ചിത്രമെടുക്കുകയോ പാമ്പിന്റെ അടയാളങ്ങൾ ഓർത്തു വെക്കുകയോ ചെയ്യുന്നതാണ് സുരക്ഷിതമെന്നും വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.