Banner Ads

സ്കൂളിൽ പോകാൻ വസ്ത്രം ഇസ്തിരിയിടവെ അപകടം: പറവൂരിൽ എട്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. പറവൂർ ചെറിയ പല്ലംതുരുത്ത് അടിമപ്പറമ്പിൽ സനീഷ് – നീതു ദമ്പതിമാരുടെ മകൾ സ്വാതി (13) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ സ്വാതിക്ക് ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് അപകടമുണ്ടായത്.

തിങ്കളാഴ്ച സ്കൂളിൽ ധരിക്കാനുള്ള യൂണിഫോം ഇസ്തിരിയിടുന്നതിനിടെയാണ് കുട്ടിക്ക് ഇലക്ട്രിക് അയൺ ബോക്സിൽ നിന്ന് ഷോക്കേറ്റത്. കരച്ചിൽ കേട്ട് അമ്മ ഓടിയെത്തുമ്പോൾ സ്വാതി മുറിയിൽ ബോധരഹിതയായി വീണുകിടക്കുകയായിരുന്നു. ഉടൻതന്നെ മെയിൻ സ്വിച്ച് ഓഫ് ചെയ്ത് കുട്ടിയെ പറവൂർ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് സംസ്കരിക്കും. സഹോദരൻ: സ്വാസ്തിക്.