
കാസർകോട് : കാസർകോട് കന്യപ്പാടിയിൽ കാറുകളും ലോറിയും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 1:30 ഓടെയാണ് സംഭവം. ഉപ്പള മുസോടി സ്വദേശികളായ ഒമ്പത് യുവാക്കളാണ് കാറുകളിൽ ഉണ്ടായിരുന്നത്. ഒരാളുടെ നില ഗുരുതരമാണ്.
അമിതവേഗതയിലെത്തിയ കെഎൽ 14 എഇ 0915, കെഎൽ 14 എജെ 0035 എന്നീ രജിസ്ട്രേഷൻ നമ്പറുകളിലുള്ള രണ്ട് സ്വിഫ്റ്റ് കാറുകൾ കെഎ 21 സി 0338 നമ്പർ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ രണ്ട് കാറുകളും പൂർണമായി തകർന്നു.
പരിക്കേറ്റവരെ ഉടൻ തന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ലോറിയുടെ ഡീസൽ ടാങ്കും ഓയിൽ ടാങ്കും പൊട്ടി റോഡിൽ ഇന്ധനം പരന്നത് ആശങ്ക പടർത്തി. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി റോഡിലെ അപകടസാധ്യത ഒഴിവാക്കുകയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുകു വർഗീസിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ കെ വിജിതിൻ കൃഷ്ണൻ, അതുൽ രവി, സി കെ അഭിനന്ദ്, എൻ പി രാകേഷ്, ഒ കെ പ്രജിത്ത് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.