Banner Ads

ഇടുക്കിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപടർന്ന് പൊള്ളലേറ്റ യുവാവ് മരിച്ചു; മാതാവ് തീവ്രപരിചരണ വിഭാഗത്തിൽ

ചെറുതോണി: ഗ്യാസ് സിലിണ്ടറിൽ നിന്നും തീ പടർന്നുണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു. ഇടുക്കി കരിമ്പൻ കൊട്ടാരത്തിൽ ജസ്റ്റിൻ ജോസ് (37) ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെയോടെ അന്തരിച്ചത്. അപകടത്തിൽ പരിക്കേറ്റ ജസ്റ്റിന്റെ മാതാവ് ജോളി ജോസ് ഇതേ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ്.

കഴിഞ്ഞ ജൂൺ 22-ന് തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് ജസ്റ്റിന്റെ വീട്ടിലെ അടുക്കളയിൽ വെച്ച് ദാരുണമായ സംഭവം നടക്കുന്നത്. പഴയ ഗ്യാസ് സിലിണ്ടർ മാറ്റി പുതിയത് കണക്ട് ചെയ്യുന്നതിനിടയിലാണ് തീ പടർന്നത്.പുതിയ സിലിണ്ടറിന്റെ വാഷറിനുണ്ടായിരുന്ന തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക സൂചന. വാഷറിന്റെ തകരാർ മൂലം ഗ്യാസ് പുറത്തേക്ക് ലീക്കാവുകയും, ഈ സമയം അടുക്കളയിലെ അടുപ്പിൽ അവശേഷിച്ചിരുന്ന കനലിൽ നിന്ന് തീ ആളിക്കത്തുകയുമായിരുന്നു.

ജസ്റ്റിന്റെ ശ്വാസനാളത്തിലേക്ക് തീയും പുകയും പടർന്നത് നില ഗുരുതരമാക്കിയെന്ന് ഡോക്ടർമാർ വ്യക്തമാക്കി.അപകടം നടന്ന ഉടൻ തന്നെ ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആദ്യം ഇടുക്കി മെഡിക്കൽ കോളേജിലും, തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ദിവസങ്ങളോളമായി തുടർന്ന ചികിത്സയ്ക്കൊടുവിൽ ജസ്റ്റിൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.