
കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ കുടകുത്തിയിൽ മുപ്പതടി താഴ്ചയുള്ള കിണറ്റിൽ വീണ വീട്ടമ്മയെ ഭർത്താവിന്റെയും അഗ്നിരക്ഷാസേനയുടെയും സന്ദർഭോചിതമായ ഇടപെടലിലൂടെ ജീവനോടെ രക്ഷപ്പെടുത്തി. കുടകുത്തി തവളച്ചാൽ കുഴിയിൽ ശാന്ത (57) ആണ് അപകടത്തിൽപ്പെട്ടത്.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വീടിന് മുന്നിലെ കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടയിൽ ശാന്ത അബദ്ധത്തിൽ താഴേക്ക് പതിക്കുകയായിരുന്നു.
ശാന്ത കിണറ്റിൽ വീണ വിവരമറിഞ്ഞ് ഓടിയെത്തിയ ഭർത്താവ് മോഹനൻ ഒട്ടും സമയം കളയാതെ കിണറ്റിലേക്ക് ഇറങ്ങി. ഫയർഫോഴ്സ് എത്തുന്നതുവരെ ശാന്തയെ മുങ്ങിപ്പോകാതെ മോഹനൻ താങ്ങിപ്പിടിച്ച് നിർത്തുകയായിരുന്നു. ഇതാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.
വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പുത്തൻകുരിശ് പോലീസ് പട്ടിമറ്റം അഗ്നിരക്ഷാസേനയെ അടിയന്തരമായി സ്ഥലത്തേക്ക് വിളിപ്പിച്ചു. സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അനീസിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം അതിവേഗം സ്ഥലത്തെത്തി. കിണറ്റിലിറങ്ങിയ സേനാംഗങ്ങൾ നെറ്റിന്റെയും റോപ്പിന്റെയും സഹായത്തോടെ ഇരുവരെയും സുരക്ഷിതമായി മുകളിലെത്തിച്ചു.