എ ആർ ന​ഗറിലെ തട്ടിപ്പിന്റെ നാൾവഴികൾ

മലപ്പുറം: എആർ നഗർ സർവീസ് സഹകരണ ബാങ്കിൽ 257 വ്യാജ കസ്റ്റമർ ഐഡികൾ. അവയിൽ, ഞങ്ങൾ പിന്തുടർന്ന വിലാസങ്ങളും വ്യാജമെന്ന് തെളിഞ്ഞു. ഇനി തട്ടിപ്പിൻ്റെ മറ്റു വഴികൾ. അവ ഇപ്രകാരം.

ബാങ്കിലെ ജീവനക്കാരുടെ പേരിൽ നടത്തിയത് ആറു കോടി 78 ലക്ഷത്തി 40,000 രൂപയുടെ ഇടപാടുകൾ. ഇത്രയും തുക തങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതും പിന്നീട് പിൻവലിച്ച് കൊണ്ടുപോയതും മുൻ സെക്രട്ടറി വി കെ ഹരികുമാർ ആണെന്ന് ജീവനക്കാർ ഇൻകംടാക്സിന് സ്റ്റേറ്റുമെൻ്റ് നൽകി. മോനു സി എന്ന പേരിൽ വ്യാജ അക്കൌണ്ട് ആരംഭിച്ച് അതുവഴി 18 ലക്ഷത്തി 62,953 രൂപ ഹരികുമാർ അപഹരിച്ചതായി ഇൻകംടാക്സ് റിപ്പോർട്ടിൽ പറയുന്നു.

തോട്ടശ്ശേരിയറ കക്കോടൻ വീട്ടിൽ ദേവിയുടെ പേരിൽ ദേവി അറിയാതെ നിക്ഷേപിക്കപ്പെട്ടത് 80 ലക്ഷം രൂപ. തുക നിക്ഷേപിച്ചതും പിന്നീട് ക്ളോസ് ചെയ്തതും വി കെ ഹരികുമാറിൻ്റെ നിർദ്ദേശപ്രകാരമെന്ന് ബാങ്ക് സെക്രട്ടറി ബോധിപ്പിച്ചു.

നിലമ്പൂർ സ്വദേശി രാധ, കോഴിക്കോട് ചാത്തമംഗലം സ്വദേശി അശോകൻ. ഇരുവരും ബാങ്കിലെ വായ്പാ തട്ടിപ്പിൻ്റെ ഇരകൾ. ഹരികുമാർ നീട്ടിയ രേഖകളിൽ ഒപ്പ് വെച്ചു എന്നതിൻ്റെ പേരിൽ മാത്രം കോടിക്കണക്കിന് രൂപയുടെ കടക്കാരായി മാറിയതിൻ്റെ കഥയാണ് രാധയ്ക്കും അശോകനും പറയാനുള്ളത്. ഇതിനുപുറമെ,
തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് ബാങ്കിലെ ചില നിക്ഷേപകരുമായുള്ള ബന്ധം അന്വേഷിക്കാനെത്തിയ കസ്റ്റംസ് സംഘത്തെയും 10 ലക്ഷത്തിലധികം നിക്ഷേപിച്ചവരുടെ വിവരങ്ങൾ തേടിയെത്തിയ സഹകരണ വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടറെയും തടഞ്ഞ സംഭവങ്ങൾ ഹരികുമാറിനെ സംശയത്തിൻ്റെ നിഴലിൽ നിർത്തുന്നു.

മുസ്ളീംലീഗിൻ്റെ നിയന്ത്രണത്തിലുള്ള യുഡിഎഫ് ഭരണസമിതി. എന്നാൽ സെക്രട്ടറി വി കെ ഹരികുമാർ ആകട്ടെ സിപിഎം ജില്ലാ സെക്രട്ടറിയുടെ അടുത്ത ബന്ധുവും. ആരോപണങ്ങൾ ഉയർന്നിട്ടും ഹരികുമാറിന് വേണ്ട സംരക്ഷണമൊരുക്കിയത് ഈ സിപിഎം ലീഗ് കൂട്ടുകെട്ട് തന്നെയാണെന്നാണ് ആക്ഷേപം. സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷവും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്ന ഉണ്ടാക്കിയെടുത്ത തസ്തികയിൽ ഹരികുമാർ തുടർന്നത് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ്റെ പ്രത്യേക ഉത്തരവിൻ്റെ പിൻബലത്തിൽ. പി കെ കുഞ്ഞാലിക്കുട്ടിയുടെ ബിനാമിയാണ് ഹരികുമാർ എന്നതാണ് മറ്റൊരാക്ഷേപം. ഇതിനകം കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖ് പാണ്ടിക്കടവത്തിൻ്റെ പേരിലുണ്ടായിരുന്ന അക്കൌണ്ട് മരവിപ്പിക്കുകയും പിന്നീട് രേഖകൾ ഹാജരാക്കിയതിനെ തുടർന്ന് നടപടി പിൻവലിക്കുകയും ചെയ്തിരുന്നു.

കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതികളിൽ അന്വേഷണം നേരിടുമ്പോഴും വി കെ ഹരികുമാറിന് രാഷ്ട്രീയ സംരക്ഷണം തുടരുന്നു. ബാങ്ക് ഭരിക്കുന്നത് യുഡിഎഫ് ആയതിനാൽ പ്രതിപക്ഷത്തിനും പ്രതിഷേധമില്ല. അപ്പോഴും തട്ടിപ്പിൻ്റെ ഇരകൾ കോടതിയും ഇൻകംടാക്സ് ഓഫീസും കയറിയിറങ്ങുകയാണ്. അവരെ തേടിയാണ് ഞങ്ങളുടെ യാത്ര. അന്വേഷണം തുടരുന്നു, എ ആർ നഗറിൽ സംഭവിച്ചതെന്ത്?

Leave a Reply

Your email address will not be published. Required fields are marked *