ചൈനയിൽ, ഷി വാഴുമോ, വീഴുമോ?

    ഈ നിലയില്‍ സോഷ്യലിസത്തിലേയ്ക്കുള്ള പ്രയാണത്തെ പുതിയ കാലത്തിനൊപ്പിച്ച് പുതുക്കി പണിയാനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ അതിനനുസരിച്ച് ശക്തിപ്പെടുത്താനും ഷി തയ്യാറായി. അതുപോലെ പ്രധാനമായിരുന്നു ശക്തമായ ചൈന എന്ന സന്ദേശം ലോകത്തിന് നല്‍കിയ ഷിയുടെ വിദേശ നയവും. ഈ നിലയില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പുതിയകാലത്തിന്റെ ദിശാബോധം നല്‍കിയ ഷി എന്ന ശക്തനായ നേതാവ് അംഗീകാരമാണ് ഷിക്ക് 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് നല്‍കുക എന്നാണ് പുറത്ത് വരുന്ന സൂചന.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഞായറാഴ്ച കൊടിയുയരുമ്പോള്‍ ലോകത്തിന്റെ കണ്ണുകള്‍ ഷി ജിന്‍പിങ്ങിലേക്ക്. മാവോയ്ക്ക് ശേഷം ചൈനയുടെ പരമോന്നത നേതാവായി ഷി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിലെ കീഴ്വഴക്കപ്രകാരം അധികാരത്തില്‍ നിന്നും പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും 69കാരനായ ഷി വിരമിക്കേണ്ടതാണ്. ചൈനീസ് പ്രസിഡന്റിന്റെ കാലാവധി 5 വര്‍ഷം വീതം രണ്ട് ടേം എന്നത് 2018ലെ ഭരണഘടനാ ഭേദഗതി പ്രകാരം ഒഴിവാക്കിയിരുന്നു. 68 വയസ്സ് പാര്‍ട്ടി നേതൃപദവിയില്‍ നിന്നുള്ള വിമരമിക്കല്‍ പ്രായമാണ്. ഈ കീഴ്വഴക്കവും ഷിക്കായി വഴിമാറിയേക്കും. ഇതോടെ ഷിയെ ആജീവനാന്തകാല പ്രസിഡന്റായി 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് നിയോഗിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി, മിലിട്ടറി കമ്മീഷന്‍ ചെയര്‍മാന്‍ രാജ്യത്തിന്റെ പരമോന്നത ഭരണാധികാരി എന്നീ മൂന്ന് നിര്‍ണ്ണായക അധികാര സ്ഥാനങ്ങളിലും ഷി തുടരും.

ഷി അധികാരത്തിലെത്തിയതിന് ശേഷം ശക്തമായ രാജ്യമെന്ന നിലയിലുള്ള ചൈനയുടെ പുരോഗതി ശ്രദ്ധേയമാണ്. അഭ്യന്തര-വിദേശ നയങ്ങളില്‍ ഷി സ്വീകരിക്കുന്ന കാര്‍ക്കശ്യമാണ് ചൈനീസ് മുന്നേറ്റത്തിന്റെ അടിസ്ഥാനം. ചൈനീസ് പൊതുമേഖലയെ ശക്തിപ്പെടുത്തുന്നതിനൊപ്പം സ്വകാര്യ നിക്ഷേപങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വരുത്താനും കര്‍ശനസമീപനമാണ് ഷി സ്വീകരിക്കുന്നത്. സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു ചരക്ക് വിപണി സമ്പദ്വ്യവസ്ഥ ക്രമീകരിക്കാന്‍ ദെങ്ങിന്റെ കാലത്ത് ചൈന നടത്തിയ നയം മാറ്റം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. പട്ടിണിയുടെ പങ്കുവയ്ക്കല്ല സോഷ്യലിസം എന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള ദെങ്ങ് സിയാവോ പിങ്ങിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളാണ് ചൈന ഇന്ന് കൈവരിച്ചിരിക്കുന്ന നേട്ടങ്ങളുടെയെല്ലാം അടിസ്ഥാനം. പുതിയ നയംമാറ്റം ഒരുപക്ഷെ മുതലാളിമാരെ സൃഷ്ടിച്ചേക്കാം പക്ഷെ മുതലാളിത്ത വര്‍ഗ്ഗം ഉണ്ടാകാതെ തടയാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്ന ലൈനായിരുന്നു ദെങ്ങിന്റേത്. ഈ ലൈനിന്റെ മാര്‍ക്സിയന്‍ കാഴ്ചപ്പാടോടെയുള്ള സോഷ്യലിസ്റ്റ് പ്രയോഗമാണ് ഷി നടത്തുന്നത് എന്നതാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

പുത്തന്‍ സാമ്പത്തിക പരിഷ്‌കരണത്തിന്റെ പ്രത്യാഘാതമെന്ന നിലയില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അന്യവര്‍ഗ്ഗ ചിന്തകള്‍ കടന്നുകയറിയതായി വിലയിരുത്തലുകളുണ്ടായിരുന്നു. ദെങ്ങിന്റെ പുതിയ സാമ്പത്തിക നയം ചൈനയില്‍ ഉയര്‍ന്ന വരുമാനമുള്ള ഗ്രൂപ്പിനെയും താഴ്ന്ന വരുമാനമുള്ള ഗ്രൂപ്പിനെയും സാവധാനത്തില്‍ സൃഷ്ടിച്ചിരുന്നു എന്നതും വസ്തുതയാണ്. അതോടൊപ്പം തന്നെ പുത്തന്‍ മുതലാളിമാര്‍ ചൈനീസ് സ്വഭാവമുള്ള സോഷ്യലിസ്റ്റ് സങ്കല്‍പ്പത്തെ തകര്‍ക്കുമെന്ന ആശങ്കകളും ഉരുണ്ട് കൂടിയിരുന്നു. ഇതിലും പ്രധാനമായിരുന്നു ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ചൈനയില്‍ വര്‍ദ്ധിക്കുന്നു എന്ന നിലയിലുള്ള വിലയിരുത്തലുകള്‍. 2012ല്‍ അധികാരത്തില്‍ എത്തിയത് മുതല്‍ ഇത്തരം വിഷയങ്ങളെ തന്റേതായ സോഷ്യലിസ്റ്റ് ദര്‍ശനം കൂടി കൂട്ടിച്ചേര്‍ത്ത് പരിഹരിക്കാനുള്ള പരിശ്രമങ്ങള്‍ക്കാണ് ഷി നേതൃത്വം നല്‍കിയത്. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ ചൈനയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായതും ഷിയുടെ ഇത്തരം കര്‍ശന സമീപനങ്ങളായിരുന്നു.

അധികാരത്തിലെത്തിയ ഉടന്‍ തന്നെ ‘പുതിയ തരം സര്‍ക്കാര്‍-ബിസിനസ് ബന്ധങ്ങള്‍’ക്കായി ഷി വാദിക്കാന്‍ തുടങ്ങിയിരുന്നു. സ്വകാര്യ കമ്പനികളുടെ ശബ്ദം കേള്‍ക്കുമ്പോള്‍, പ്രശ്നങ്ങള്‍ പരിഹരിക്കുമ്പോള്‍, രാഷ്ട്രീയക്കാര്‍ അവരുടെ സംശുദ്ധി നിലനിര്‍ത്തണം, അവരുടെ അധികാരം വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി മുതലെടുക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഷി മുന്നോട്ടുവച്ചത് അഴിമതിക്കെതിരായ ചുവടുവയ്പ്പില്‍ നിര്‍ണ്ണായമായിരുന്നു. അഴിമതിയുടെ ഭാഗമായിരുന്ന മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്കും ബ്യൂറോക്രാറ്റുകള്‍ക്കും എതിരെ അധികാരത്തില്‍ എത്തിയതിന് ശേഷം ഷി കര്‍ശന നടപടികളാണ് സ്വീകരിച്ചത്.

‘ചില ആളുകളെ ആദ്യം സമ്പന്നരാക്കാന്‍ അനുവദിക്കുക’ എന്ന ഡെങ് സിയാവോപിങ്ങിന്റെ നയത്തിലെ വൈകല്യങ്ങള്‍ രൂപപ്പെടുത്തിയ മുതലാളിമാരെ ലക്ഷ്യമിടുന്നതിന്റെ സൂചനകളാണ് ഭരണത്തിന്റെ രണ്ടാം പകുതിയില്‍ ഷി നല്‍കിയത്. ജാക്ക് മായെപ്പോലുള്ള കോടീശ്വരന്മാര്‍ ചൈനീസ് സോഷ്യലിസത്തിന്റെ നിയന്ത്രണത്തിനുള്ളില്‍ തന്നെയാണ് എന്ന് തെളിയിക്കാന്‍ ഷിക്കായി. വ്യക്തമായ സോഷ്യലിസ്റ്റ് ചൈനയിലേക്കുള്ള മൂര്‍ച്ചയുള്ള ഇടത് തിരിവിന്റെ സൂചനയായാണ് ഷി യുടെ നിലപാടുകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാമത് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആറാമത്തെ പ്ലീനറി സെഷനില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ഷിയുടെ നയംമാറ്റം വ്യക്തമാണ്. അതിന്റെ സാരാംശം ഇതാണ്. ‘നമ്മുടെ കാലത്തെ പ്രധാന ചോദ്യങ്ങളെ ചുറ്റിപ്പറ്റിയാണ്: ചൈനീസ് സ്വഭാവസവിശേഷതകളുള്ള ഏതുതരം സോഷ്യലിസമാണ് ഈ പുതിയ കാലഘട്ടത്തില്‍ നാം ഉയര്‍ത്തിപ്പിടിക്കുകയും വികസിപ്പിക്കുകയും ചെയ്യേണ്ടത്, ഏതുതരം മഹത്തായ ആധുനിക സോഷ്യലിസ്റ്റ് രാജ്യം നാം കെട്ടിപ്പടുക്കണം, ഏത് തരത്തിലുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ് ദീര്‍ഘകാല ഭരണം നടത്തേണ്ടത്. വികസിപ്പിച്ചെടുക്കുക, അതുപോലെ ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ നമ്മള്‍ എങ്ങനെ പോകണം. അങ്ങനെ ഒരു പുതിയ യുഗത്തിനായുള്ള ചൈനീസ് സ്വഭാവസവിശേഷതകളുള്ള സോഷ്യലിസത്തെക്കുറിച്ചുള്ള ഷി ജിന്‍ പിങ്ങ് ചിന്തകളാണ് സമകാലിക ചൈനയുടെയും 21-ാം നൂറ്റാണ്ടിന്റെയും മാര്‍ക്സിസം.’

ചൈനയിലെ പട്ടിണി നിര്‍മ്മാര്‍ജ്ജനമായിരുന്നു ഷി ഏറ്റെടുത്ത പ്രധാനദൗത്യം. അതില്‍ വിജയിക്കാനും ഷിക്ക് സാധിച്ചിരുന്നു. സോഷ്യലിസ്റ്റ് ആശയത്തിന് വിരുദ്ധമായി ഉയര്‍ന്നുവരുന്ന അസമത്വത്തെ പൊതുസമൃദ്ധി എന്ന ആശയമായിരുന്നു ഷി മുന്നോട്ടുവച്ചത്. പൊതു അഭിവൃദ്ധിയുടെ പേരില്‍, ഇടത്തരം വരുമാന ഗ്രൂപ്പിന്റെ വലുപ്പം വിപുലീകരിക്കുമെന്നും താഴ്ന്ന വരുമാനമുള്ള ഗ്രൂപ്പിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുമെന്നും മൂന്ന് ഘട്ടങ്ങളുള്ള വരുമാന വിതരണവും നികുതി സമ്പ്രദായവും ഉള്‍പ്പെടെ ”അമിത വരുമാനം ക്രമീകരിക്കുമെന്നും’ ഉറച്ച ശബ്ദത്തിലാണ് ഷി പ്രഖ്യാപിച്ചത്. പൊതു അഭിവൃദ്ധി കൈവരിക്കുന്നതിനുള്ള മാതൃകാ പ്രദേശമായി ഷെജിയാങ്ങിനെ തിരഞ്ഞെടുത്തു എന്നതും പ്രധാനമായിരുന്നു. ഷെജിയാങ്ങും പ്രത്യേകിച്ച് ഹാങ്ഷുവും ഷിക്ക് നന്നായി അറിയുന്ന പ്രദേശങ്ങളാണ്. പ്രബലമായ സ്വകാര്യ കമ്പനികള്‍ മേലാല്‍ ഭരിക്കുന്നില്ലെന്ന് പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന സാഹചര്യമാണ് ഷി വിഭാവനം ചെയ്യുന്നത്. ഈ സമീപനം ആദ്യം ഹാങ്ഷൂവിലും പിന്നീട് രാജ്യത്തുടനീളവും നടപ്പിലാക്കുമെന്നാണ് ഷിയുടെ കര്‍ശന നിലപാട്. നിരവധി വന്‍കിട സ്വകാര്യ കമ്പനികളുടെ ആസ്ഥാനമായ ഷെജിയാങ്ങ്, പൊതു സമൃദ്ധിയുടെ മാതൃകാ പ്രദേശമായി ഷി തിരഞ്ഞെടുത്തത് വരാനിരിക്കുന്ന ശക്തമായ തിരുത്തല്‍ പ്രക്രിയയുടെ തുടക്കം എന്ന നിലയില്‍ തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

ഈ നിലയില്‍ സോഷ്യലിസത്തിലേയ്ക്കുള്ള പ്രയാണത്തെ പുതിയ കാലത്തിനൊപ്പിച്ച് പുതുക്കി പണിയാനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അതിനനുസരിച്ച് ശക്തിപ്പെടുത്താനും ഷി തയ്യാറായി.അതുപോലെ പ്രധാനമായിരുന്നു ശക്തമായ ചൈന എന്ന സന്ദേശം ലോകത്തിന് നല്‍കിയ ഷിയുടെ വിദേശ നയവും. ഈ നിലയില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പുതിയകാലത്തിന്റെ ദിശാബോധം നല്‍കിയ ഷി എന്ന ശക്തനായ നേതാവ് അംഗീകാരമാണ് ഷിക്ക് 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് നല്‍കുക എന്നാണ് പുറത്ത് വരുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *