ശശി തരൂരിനെ തഴയരുന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള 3 എംപിമാര്‍

ശശി തരൂരിനെ തഴയരുന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള 3 എംപിമാര്‍ എഐസിസി പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി. വോട്ടര്‍മാര്‍ക്ക് ഇടയില്‍ വലിയ സ്വീകാര്യതയുള്ള തരൂരിന് മാന്യമായ പരിഗണന നല്‍കണമെന്നും മാറ്റിനിര്‍ത്തരുതെന്നും എംപിമാരായ കെ മുരളീധരന്‍ ബെന്നി ബഹനാന്‍ എം കെ രാഘവന്‍ എന്നിവര്‍ ഖര്‍ഗെയോട് ആവശ്യപ്പെട്ടു.

തരൂരിന് പ്രവര്‍ത്തകസമിതി അംഗത്വമോ സംഘടന തലത്തില്‍ പ്രധാന ചുമതലയോ നല്‍കണമെന്ന് രാഘവന്‍ ആവശ്യപ്പെട്ടു. സംഘടനാ തലത്തിലെ അഴിച്ചു പണി ഉള്‍പ്പെടെ പാര്‍ട്ടിയെ അടിമുടി ഉടച്ചുവാര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള പ്ലീനറി സമ്മേളനത്തിലേക്ക് കോണ്‍ഗ്രസ് കടക്കാനിരിക്കെയാണ് തരൂരിന്് വേണ്ടി നേതാക്കള്‍ രംഗത്തുവന്നത്.

ഉന്നത നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാം എന്ന് ഖര്‍ഗെ അറിയിച്ചു. അനാരോഗ്യം അലട്ടുന്ന ഉമ്മന്‍ചാണ്ടി ഈ മാസം 24 മുതല്‍ 26 വരെ ഛത്തീസ്ഗഡിലെ റായിപൂരില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കില്ല. പ്രവര്‍ത്തകസമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടേക്കും. പകരം തരൂര്‍ വരുന്നതിനോട് അദ്ദേഹത്തിന് എതിര്‍പ്പില്ല എന്നാണ് സൂചന. ഉമ്മന്‍ചാണ്ടിക്ക് പുറമേ എ കെ ആന്റണി കെ സി വേണുഗോപാല്‍ എന്നിവരാണ് നിലവില്‍ സമിതിയില്‍ ഉള്ളത്.

പ്രവര്‍ത്തകസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നാല്‍ തരൂര്‍ മത്സരിക്കാനുള്ള സാധ്യത കുറവാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് നടന്നാല്‍ രമേശ മത്സരത്തിന് ഇറങ്ങിയേക്കും. എന്‍എസ് യു യൂത്ത് കോണ്‍ഗ്രസ് കാലം മുതല്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിച്ചതു വഴി വിവിധ നേതാക്കളുമായുള്ള ഊഷ്മള ബന്ധം രമേശന് മുതല്‍ക്കൂട്ടാണ്. 1997 ല്‍ കോല്‍ക്കത്തയില്‍ നടന്ന പ്ലീനറി സമ്മേളനത്തിലാണ് ഏറ്റവും ഒടുവില്‍ പ്രവര്‍ത്തകസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *