ശങ്കര്‍ മോഹന് പിന്തുണ: അടൂരും ഗിരീഷ് കാസറവള്ളിയും രാജിവച്ചു; ആരോപണങ്ങള്‍ തള്ളി

തിരുവനന്തപുരം: കോട്ടയം കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്‍ രാജിവച്ചു. മുഖ്യമന്ത്രി പിണറായി വിജയനും വകുപ്പ് മന്ത്രിക്കും രാജി കത്തു കൈമാറിയെന്ന് അടൂർ മാധ്യമങ്ങളോട് പറഞ്ഞു. അക്കാദമിക് കൗൺസിൽ ചെയർമാൻ സ്ഥാനത്തുനിന്ന് സംവിധായകൻ ഗിരീഷ് കാസറവള്ളിയും രാജിവച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ സ്ഥാനത്തുനിന്ന് ശങ്കർ മോഹൻ രാജിവച്ചതിനും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും പിന്നാലെയാണ് അടൂരിന്റെ രാജി. ശങ്കർ മോഹന്റെ രാജിയിലേക്ക് നയിച്ച വിവാദങ്ങളിൽ അടൂർ അതൃപ്തനായിരുന്നു. കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ എന്ന നിലയിൽ അദേഹത്തിന്റെ പ്രവർത്തന കാലാവധി മാർച്ച് 31 വരെയാണ്.

ശങ്കർ മോഹനെതിരായ നീക്കങ്ങളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇൻസ്റ്റിറ്റ്യൂട്ടിനെ തകർച്ചയിൽനിന്ന് കരകയറ്റാൻ ആത്മാർഥമായി പ്രവർത്തിച്ചു. ശങ്കർ മോഹനെ അപമാനിച്ച് ഇറക്കിവിട്ടെന്ന് ആരോപിച്ച അടൂർ, ശങ്കർ മോഹനെതിരായ ആരോപങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിനെ കരകയറ്റാൻ അഹോരാത്രം പ്രയത്നിച്ച വ്യക്തിയാണ് ശങ്കർ മോഹൻ. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം വിവിധ സ്ഥാപനങ്ങളുടെ അധ്യക്ഷ സ്ഥാനത്ത് യാതൊരു പരാതിക്കും ഇടനൽകാതെ നാലു പതിറ്റാണ്ടിലധികം പ്രശസ്തമായ സേവനം നടത്തി. അദ്ദേഹത്തോളം ചലച്ചിത്ര സംബന്ധമായ അറിവോ പ്രവർത്തന പരിചയമോ ഉള്ള വ്യക്തി ഇന്ത്യയിലില്ല. അത്തരത്തിലുള്ള ഒരു മലയാളി പ്രഫഷനലിനെയാണ് ക്ഷണിച്ചു വരുത്തി അടിസ്ഥാന രഹിതമായ ദുരാരോപണങ്ങളും വൃത്തികെട്ട അക്ഷേപങ്ങളും സത്യവിരുദ്ധമായ കുറ്റാരോപണങ്ങളും നടത്തി അപമാനിച്ച് പടികടത്തി വിട്ടതെന്നും അടൂർ പറഞ്ഞു.

മാധ്യമങ്ങൾ ഒരുഭാഗം മാത്രം കേട്ടു. സമരാഘോഷങ്ങൾക്ക് പിന്നിൽ ആരെന്ന് അന്വേഷിക്കണം. ഗേറ്റ് കാവൽക്കാരനായ വിദ്വാന് സമരാസൂത്രണത്തിൽ പങ്കുണ്ട്. പിആർഒ അടക്കം ചില ജീവനക്കാരും ഒളിപ്രവർത്തനം നടത്തിയെന്നും അടൂർ ആരോപിച്ചു. ശുചീകരണത്തൊഴിലാളികളിൽ പട്ടികജാതിക്കാരില്ലെന്നും അടൂർ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനം സംബന്ധിച്ച പരാതികൾ അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷനെ വിമർശിച്ച അടൂർ, കാര്യമായി അന്വേഷിച്ചില്ലെന്ന് കുറ്റപ്പെടുത്തി. സത്യസന്ധരായ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചന വിവാദങ്ങൾക്കിടെയാണ് ശങ്കർ മോഹൻ രാജിവച്ചത്. അടൂർ ഗോപാലകൃഷ്ണനുമായി ബന്ധപ്പെട്ട ശേഷം മുഖ്യമന്ത്രിയുടെ ഓഫിസിൽ നേരിട്ടെത്തിയാണ് രാജിക്കത്ത് നൽകിയത്. ജാതിവിവേചനം സംബന്ധിച്ച പരാതികൾ അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവരുന്നതിനു മുൻപായിരുന്നു ശങ്കർ മോഹന്റെ രാജി.

∙ അടൂരിന്റെ രാജിക്കത്തിലെ പ്രസക്ത ഭാഗങ്ങൾ:

‘നാശത്തിന്റെ വക്കിൽ നിന്നിരുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ധാരണത്തിനും അതിനെ രാജ്യത്തുതന്നെ മികച്ച സിനിമാ പരിശീലന കേന്ദ്രമാക്കാനും ആത്മാർഥമായി പരിശ്രമിച്ച മൂന്ന് കൊല്ലമാണ് പിന്നിട്ടത്. ഈ വിഷയത്തിൽ എന്നോടൊപ്പം ആഹോരാത്രം പങ്കെടുത്ത വ്യക്തിയായിരുന്നു ശങ്കര്‍ മോഹൻ. തിരക്കഥാ രചനയിലും സംവിധാനത്തിലും പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം വിവിധ സ്ഥാപനങ്ങളുടെ അധ്യക്ഷ സ്ഥാനത്ത് യാതൊരു പരാതിക്കും ഇടനൽകാതെ നാലു പതിറ്റാണ്ടോളം കാലം പ്രശസ്തമായ സേവനം നടത്തിയിട്ടുള്ള ആളാണ്. അദ്ദേഹത്തോളം ചലച്ചിത്ര സംബന്ധമായ അറിവോ പ്രവർത്തന പരിചയമോ ഉള്ള വ്യക്തി ഇന്ത്യയിലില്ല. അത്തരത്തിലുള്ള ഒരു മലയാളി പ്രഫഷനലിനെയാണ് നമ്മൾ ക്ഷണിച്ചു വരുത്തി അടിസ്ഥാന രഹിതമായ ദുരാരോപണങ്ങളും വൃത്തികെട്ട അക്ഷേപങ്ങളും സത്യവിരുദ്ധമായ കുറ്റാരോണപങ്ങളും നടത്തി അപമാനിച്ച് പടികടത്തി വിട്ടത്. ഡിസംബർ അഞ്ചിനാണ് സമരത്തിലാണെന്നു വിദ്യാർഥി നേതാക്കൾ പ്രഖ്യാപിക്കുന്നത്. കാരണമായി പറഞ്ഞത് ദലിത് വിവേചനവും ജാതി വിവേചനവുമാണ്’.

‘തുടക്കം മുതൽ മാധ്യമങ്ങളിൽ പറഞ്ഞിരുന്ന ആരോപണം ഡയറക്ടർ ദലിത് ശുചീകരണ തൊഴിലാളികളെ അപമാനിച്ചിരുന്നു എന്നാണ്. എന്റെ അന്വേഷണത്തിൽ ഇത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. ശുചീകരണ ജോലിക്കാർ ആരും പട്ടികജാതിയിൽപ്പെടുന്നവരല്ല. ഡയറക്ടറുടേത് ഔദ്യോഗിക വസതിയാണ്. ഇൻസ്റ്റിറ്റ്യൂട്ടിലെ ഔദ്യോഗിക വസതി ഇനിയും യാഥാർഥ്യമാകാത്തതു കാരണം അദ്ദേഹത്തിനു ചെറിയൊരു വീട്ട് തൊട്ടടുത്തുള്ള റബർ തോട്ടത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായി സജ്ജീകരിക്കുകയായിരുന്നു. ഇതനുസരിച്ച് ദിനംപ്രതി അവിടെ ശുചിയാക്കാനുള്ള ഉത്തരവാദിത്തം ശുചീകരണ തൊഴിലാളികളിൽ നിക്ഷിപ്തമാണ്. ശുചീകരണം ആഴ്ചയിൽ ഒരിക്കൽ മതിയെന്നാണ് ഡയറക്ടർ തീരുമാനിച്ചത്. അതിനായി ഒരാളെ നിയമിച്ച് അലവൻസ് നൽകി. മുറ്റം ശുചിയാക്കാൻ ഒരു മണിക്കൂർ വേണ്ട. ജീവനക്കാരെക്കൊണ്ട് കുളിമുറി കഴുകിച്ചിരുന്നില്ല. ഡയറക്ടറുടെ ഭാര്യയ്ക്കെതിരെയുള്ള ആരോപണം സാമാന്യയുക്തിക്ക് ചേരാത്തതാണ്. ഒരു ക്ലാർക്ക് ദലിത് പീഡനം നടക്കുന്നതായി പട്ടികജാതി കമ്മിഷനെ സമീപിച്ചു. വിദ്യാർഥി നേതാക്കളെ സ്വാധീനിച്ച് മാധ്യമങ്ങളിൽ വാർത്ത നൽകി. വിൽപനയ്ക്ക് നല്ല സാധ്യതയുള്ളതാണ് ജാതി’.

‘ഇയാൾ തന്റെ പക്കലുള്ള ഫയലുകളെല്ലാം സ്ഥിരമായി പൂഴ്ത്തി വച്ച് അനാസ്ഥ കാട്ടി. എസ്ഇ, എസ്ടി വിദ്യാർഥികളുടെ ഇ ഗ്രാന്റ് ലഭിക്കുന്നതിനുള്ള അപേക്ഷ ഉൾപ്പെടെ ഫയൽ ഒരു കൊല്ലം പൂഴ്ത്തി. വിദ്യാർഥികൾ ഗ്രാന്റ് കിട്ടാതെ പ്രതിഷേധത്തിലായിരുന്നു. ഇയാൾക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകുകയും വീഴ്ച ആവർത്തികരുതെന്ന് നിർദേശിക്കുകയും ചെയ്തു. ഡിസംബർ 22ന് കരാർ കാലാവധി തീർന്നാൽ പുനർനിയമനം നടക്കില്ലെന്ന് കരാതി ഇയാൾ നിരവധി പരാതികൾ ഡയറക്ടർക്കെതിരെ പട്ടികജാതി കമ്മിഷന് അയച്ചിരുന്നു. കമ്മിഷൻ ശങ്കർ മോഹനെ വിളിച്ചു വിചാരണ നടത്തി. കമ്മിഷന്റെ തെളിവെടുപ്പിനുശേഷം കമ്മിഷനെക്കുറിച്ച് അപവാദങ്ങൾ പറ‍ഞ്ഞു നടന്നു. ഒരു വിദ്യാർഥിക്ക് ഡിപ്ലോമ ഫിലിം ചെയ്യാൻ അവസരം കൊടുത്തില്ല എന്നാണ് മറ്റൊരു ആരോപണം. തന്റെ അവസാന വർഷ പരീക്ഷയിൽ പങ്കെടുക്കാതെ വാശിയോടെ മാറിനിന്ന ഈ വിദ്യാർഥി പരാതി അയച്ചെങ്കിലും കമ്മിഷനു മുന്നിൽ ഹാജരായില്ല. തന്റ വീഴ്ച മനസിലാക്കിയാകും അങ്ങനെ ചെയ്യാത്ത്’– അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *