മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് സുരക്ഷ ഒരുക്കാന്‍ ഇരട്ടിയോളം വാഹനങ്ങള്‍. റോഡില്‍ വലഞ്ഞ് ജനം.

മുഖ്യമന്ത്രിയുടെ യാത്രയില്‍ സുരക്ഷക്കായി ഉപയോഗിക്കുന്നത് ചട്ടപ്രകാരമുള്ളതിന്റെ ഇരട്ടിയിലധികം വാഹനവും സുരക്ഷാ ഉദ്യോഗസ്ഥരും. ഇതിനൊപ്പം റൂട്ട് ക്ലീയറന്‍സ് എന്ന പേരില്‍ പൊലീസ് കാട്ടിക്കൂട്ടുന്ന അമിതാവേശവും ചേരുമ്പോള്‍ മുഖ്യമന്ത്രിയുടെ യാത്ര നാട്ടുകാര്‍ക്ക് തലവേദനയാവുകയാണെന്നാണ് പരാതി.

സുരക്ഷാ ഭീഷണിയുടെ പേര് പറഞ്ഞ് പൊലീസ് ഇതിനെ ന്യായീകരിക്കുമ്പോള്‍ തിരുത്താന്‍ മുഖ്യമന്ത്രിയും ശ്രമിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.z+ സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്. അതു പ്രകാരം മുന്നില്‍ രണ്ട് പൈലറ്റ് വാഹനം, അതു കഴിഞ്ഞാല്‍ മുഖ്യമന്ത്രിയുടെ കാര്‍, പിന്നാലെ രണ്ട് എസ്‌കോര്‍ട് വാഹനവും ഒരു വാനും ഒടുവില്‍ ഒരു കാറും. അതായത് 7 വാഹനങ്ങള്‍. അതിലെല്ലാം കൂടി 35 മുതല്‍ 40 പേര്‍ വരെയുള്ള സുരക്ഷാ സംഘം. രേഖകള്‍ പ്രകാരം ഇതാണെങ്കില്‍ യാഥാര്‍ത്ഥ്യത്തിലാകുമ്പോള്‍ ഇരട്ടിയാവും. മുഖ്യമന്ത്രി എത്തുന്ന പ്രദേശത്തെ എസ്പിയും സ്‌പെഷല്‍ ബ്രാഞ്ചും ഇന്റലിജന്‍സും ഉള്‍പ്പെടെ കുറഞ്ഞത് 5 ഡിവൈഎസ്പിമാരും, സ്ഥലത്തെയും സമീപത്തെയും സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അകമ്പടിക്കെത്തും. അതോടെ വാഹനങ്ങളുടെ നിര ഏഴില്‍ നിന്ന് 16 ആയും പൊലീസുകാരുടെയെണ്ണം 70 മുതല്‍ 80 വരെയായും ഉയരും.

അതായത് ചട്ടപ്രകാരം നല്‍കേണ്ടതിന്റെ ഇരട്ടി സുരക്ഷ. മുഖ്യമന്ത്രി എത്തുന്നതിന് അര മണിക്കൂര്‍ മുന്‍പ് തന്നെ കിലോമീറ്ററുകള്‍ അകലെ വരെ വഴിയുടെ ഇരുവശത്തും പൊലീസ് സ്ഥാനം പിടിക്കും. പിന്നെ ഒരു വാഹനം പോലും ഈ വഴിയോരത്തെങ്ങും പാര്‍ക്ക് ചെയ്യാന്‍ സമ്മതിക്കില്ലെന്ന് ആളുകള്‍ ആരോപിക്കുന്നു. മുഖ്യമന്ത്രി എത്തുന്നതിന് പത്ത് മിനിറ്റ് മുമ്പ് ഈ റോഡിലെക്കെത്തുന്ന എല്ലാ വഴികളിലെയും ഗതാഗതം മുന്നറിയിപ്പില്ലാതെ തടയുന്നതായും പരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *