ബഫര്‍ സോണിനെക്കുറിച്ചുള്ള പരാതികള്‍ തിര്‍പ്പാക്കുന്നത് വൈകുന്നു

തിരുവനന്തപുരം: ബഫര്‍ സോണിനെക്കുറിച്ചുള്ള പരാതികള്‍ തിര്‍പ്പാക്കുന്നത് വൈകുന്നു. ഇതുവരെ ഇരുപത്തി ആറായിരത്തി മുപ്പത് പരാതികളാണ് ലഭിച്ചത്. ഇതില്‍ തീര്‍പ്പാക്കിയത് 18 എണ്ണം മാത്രം .മെല്ലെ പോക്ക് തുടര്‍ന്നാല്‍ സുപ്രീംകോടതിയാവശ്യപ്പെട്ട പരാതി പരിഹാര റിപ്പോര്‍ട്ട് നല്‍കുക അസാധ്യം.

സംരക്ഷിത വനമേഖലയുടെ കരുതല്‍ പ്രദേശത്തുനിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ നല്‍കിയ ഇരുപത്തിയാറായിരത്തി മുപ്പത് പരാതികളില്‍ സ്ഥല പരിശോധന നടത്തി ജിയോ ടാഗിങ് നടത്തിയത് 18 എണ്ണത്തില്‍ മാത്രം .ഭൂരിഭാഗം പഞ്ചായത്തുകളിലും സ്ഥല പരിശോധന ആരംഭിച്ചിട്ടില്ല . പരാതികള്‍ ഈ മാസം 7 വരെയാണ് സ്വികരിക്കുക.

ബഫര്‍ സോണില്‍ പരാതി നല്‍കാനുള്ള സമയപരിധി അവസാനിക്കാന്‍ രണ്ടുദിവസം ബാക്കിനില്‍ക്കെ കര്‍ഷകരെ പരിഹസിക്കുന്ന തരത്തിലുള്ള മെല്ലെ പോക്ക് സര്‍ക്കാര്‍ തുടരുകയാണ് .പരാതി പരിഹരിക്കാനുള്ള സമയപരിധി ഈ ശനിയാഴ്ച അവസാനിക്കാന്‍ ഇരിക്കെയാണ് ഗുരുതരവീഴ്ച. ഇതില്‍ മുഴുവന്‍ പരാതികളും പരിഹരിച്ച് പതിനൊന്നാം തീയതിക്ക് മുന്‍പ് സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം . റിപ്പോര്‍ട്ട് 11 നു മുന്‍പ് നല്‍കാമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിക്കുറപ്പ് നല്‍കിയിരുന്നു

..നിലവിലെ സാഹചര്യത്തില്‍ ഒരു കാരണവശാലും ഈ ഉറപ്പ് പാലിക്കപ്പെടില്ല .പകരം സംരക്ഷിത മേഖലയ്ക്കും, വന്യജീവി സങ്കേതങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കരുതല്‍ മേഖല സാധ്യമല്ലെന്ന് സുപ്രീംകോടതിയെ വീണ്ടും അറിയിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുക. ഓരോ സംരക്ഷിത മേഖലയുടെയും സാഹചര്യം വ്യത്യസ്തമാണ്. അതുകൊണ്ട് കരുതല്‍ മേഖലയ്ക്ക് ഏകീകൃതപരിധി പ്രായോഗികമല്ല. ഇതാണ് സംസ്ഥാനം അറിയിക്കുക .കരുതല്‍ മേഖലയില്‍ തലമുറകളായി ജീവിക്കുന്ന ജനവിഭാഗങ്ങള്‍ ഉണ്ടെന്നും ചൂണ്ടിക്കാണിക്കും .എന്നാല്‍ പരാതി പരിഹാരത്തിലെ മെല്ലെ പോക്കില്‍ സുപ്രീംകോടതിയില്‍ മറുപടി നല്‍കാന്‍ സംസ്ഥാനം ബുദ്ധിമുട്ടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍ . 33 പഞ്ചായത്തുകള്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്തതിട്ടില്ല . മലബാര്‍ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് ലഭിച്ച 523 പരാതികളില്‍ ഒന്നില്‍ പോലും തീര്‍പ്പുണ്ടായില്ല. പരാതി പരിഹരിക്കാന്‍ ഇനിയും സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സുപ്രീംകോടതി അനുവദിക്കുമോ എന്നാണ് ഇനി അറിയാനുള്ളത് .

Leave a Reply

Your email address will not be published. Required fields are marked *