‘നീതി പൂര്‍ണമായി ലഭിച്ചിട്ടില്ല’; സിദ്ദീഖ് കാപ്പന്‍ ജയിൽ മോചിതനായി

ന്യൂഡൽഹി: രണ്ട് വർഷത്തിലേറെയായി ഉത്തർപ്രദേശിലെ ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനായി. നീതി പൂർണമായും ലഭിച്ചിട്ടില്ലെന്ന് ജയിൽ മോചിതനായ ശേഷം കാപ്പൻ പ്രതികരിച്ചു.

‘കൂടെയുള്ള പലരും ഇപ്പോഴും കള്ളക്കേസിൽ ജയിലിലാണ്. എന്റെ കൂടെ അറസ്റ്റിലായിവരിൽ ഞാനും കൂടെയുണ്ടായിരുന്ന ഡ്രൈവറും മാത്രമാണ് പുറത്തുവന്നത്. 28 മാസത്തിനു ശേഷമാണ് സ്വാതന്ത്ര്യം ലഭിക്കുന്നത്. 28 മാസം ഞാൻ ജയിലിൽ കിടന്നു. പൂർണ‌മായും കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുകയായിരുന്നു.’–സിദ്ദീഖ് കാപ്പൻ പ്രതികരിച്ചു.

യുപി പൊലീസും ഇഡിയും ചുമത്തിയ കേസുകളിലെല്ലാം കാപ്പനു ജാമ്യം ലഭിച്ചിരുന്നു. ഹത്രസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ കാപ്പനെതിരെ യുഎപിഎ ഉൾപ്പെടുത്തിയ കേസിൽ നേരത്തെ തന്നെ സുപ്രീം കോടതി ജാമ്യം നൽകിയിരുന്നതാണ്. ഇഡി ചുമത്തിയ കേസിൽ ജാമ്യം ലഭിക്കാത്തതായിരുന്നു തടസ്സം.

കഴിഞ്ഞ ക്രിസ്മസ് അവധിക്കു തൊട്ടു മുൻപ്, അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് ഇഡി കേസിലും കാപ്പനു ജാമ്യം നൽകിയെങ്കിലും നടപടിക്രമം നീണ്ടതു മോചനം വൈകിപ്പിച്ചു. യുപി പൊലീസിന്റെ വെരിഫിക്കേഷൻ നടപടികൾ നേരത്തെ പൂർത്തിയായിരുന്നു. ഇഡിയുടേതു കൂടി പൂർത്തിയായതോടെ റിലീസിങ് ഓർഡർ ജയിലിലെത്തി.

ദലിത് പെൺകുട്ടി കൂട്ടബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട ഹത്രസിലേക്കുള്ള യാത്രയ്ക്കിടെ 2020 ഒക്ടോബറിലാണ് സിദ്ദീഖ് കാപ്പൻ അറസ്റ്റിലായത്. കാപ്പന്റെ അക്കൗണ്ടിലേക്കെത്തിയ 45,000 രൂപയുടെ ഉറവിടം വ്യക്തമാക്കാനായില്ലെന്നാണ് ഇഡി റജിസ്റ്റർ ചെയ്ത കേസ്. പോപ്പുലർ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്നും ഹത്രസിൽ കലാപം സൃഷ്ടിക്കാനാണ് ഈ പണം സ്വീകരിച്ചതെന്നുമായിരുന്നു ഇഡിയുടെ വാദം

Leave a Reply

Your email address will not be published. Required fields are marked *