ത്രിപുരയില്‍ പ്രചാരണത്തിന് ദേശീയ നേതാക്കള്‍ ആരും എത്താത്തില്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ നിരാശ

അ​ഗർത്തല: ത്രിപുരയില്‍ വോട്ടെടുപ്പിന് രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ പ്രചാരണത്തിന് ദേശീയ നേതാക്കള്‍ ആരും എത്താത്തില്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ നിരാശ.

താര പ്രചാരകരുടെ പട്ടികയില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ജനറല്‍ സെക്രട്ടറിമാരായ രാഹുല്‍ഗാന്ധി പ്രിയങ്ക ഗാന്ധി തുടങ്ങിയവരുടെ പേരുണ്ട.് പക്ഷേ മുഖം കാണിക്കാന്‍ പോലും ആരും പ്രചാരണത്തിന് എത്തിയില്ല. പ്രചാരണത്തിന്റെ അവസാന നാളുകളില്‍ രാഹുല്‍ എത്തുമെന്ന് പിസിസി നേതൃത്വം പ്രതീക്ഷിച്ചിരുന്നു. ഇത് പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ പുതിയ ഊര്‍ജ്ജം പകരുമെന്നും കരുതി. എന്നാല്‍ ഒന്നും ഉണ്ടായില്ല. രാഹുല്‍ തിങ്കളാഴ്ച വിവിധ പരിപാടികളുമായി ബന്ധപ്പെട്ട സ്വന്തം മണ്ഡലമായ വയനാട്ടിലായിരുന്നു. പ്രചാരണം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഇനി നേതാക്കളാരും ത്രിപുരയില്‍ എത്താന്‍ സാധ്യതയില്ലെന്നാണ് സംസ്ഥാന നേതൃത്വം നിരാശയോടെ പ്രതികരിച്ചത്.

സിപിഎമ്മുമായി സഖ്യത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന് 60 അംഗ സഭയിലേക്ക് 13 സീറ്റുകള്‍ മാത്രമാണ് മത്സരിക്കാന്‍ ലഭിച്ചത്. 43 സീറ്റുകളില്‍ സിപിഎം സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.ഇതു തന്നെയാണ് ദേശീയ നേതാക്കളെ പ്രചാരണത്തില്‍ നിന്ന് പിന്നോക്കം വലിച്ചത് എന്നാണ് സൂചന. അതേസമയം ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള മുന്‍നിര നേതാക്കള്‍ തന്നെ വോട്ട് ചോദിക്കാനെത്തി. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ് സ്മൃതി ഇറാനി മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ് ഹിമദ് ബിശ്വശര്‍മ്മ തുടങ്ങിയ പ്രമുഖരൊക്കെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡ് ഷോയും പ്രചാരണ സമ്മേളനങ്ങളും നടത്തി. സിപിഎമ്മിന് വേണ്ടി സീതാറാ യെച്ചൂരി പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട് വൃന്ദ കാരാട്ട് തുടങ്ങിയ പ്രമുഖരെത്തി തൃണമൂല്‍ കോണ്‍ഗ്രസിനു വേണ്ടി മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും പ്രചാരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *