‘തട്ടിപ്പ് തട്ടിപ്പ് തന്നെ; ദേശീയതയുടെ മറവിൽ തട്ടിപ്പിനെ മറയ്ക്കാനാകില്ല’: തിരിച്ചടിച്ച് ഹിൻഡൻബർഗ്

ന്യൂഡൽഹി: യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ടിലെ ആരോപണങ്ങൾ ഇന്ത്യയ്ക്കും ഇന്ത്യൻ സ്ഥാപനങ്ങൾക്കും എതിരായ ആക്രമണമാണെന്ന് പറഞ്ഞ അദാനി ഗ്രൂപ്പിന് മറുപടിയുമായി ഹിൻഡൻബർഗ്. തട്ടിപ്പ് തട്ടിപ്പ് തന്നെയാണ്. ദേശീയതയുടെ മറവിൽ തട്ടിപ്പിനെ മറയ്ക്കാനാകില്ല. ഇന്ത്യയുടെ പുരോഗതി അദാനി തടസ്സപ്പെടുത്തുന്നു. വിദേശത്തെ സംശയകരമായ ഇടപാടുകളെപ്പറ്റി അദാനി മറുപടി പറഞ്ഞിട്ടില്ല. 413 പേജുള്ള അദാനിയുടെ കുറിപ്പിൽ മറുപടികളുള്ളത് 30 പേജിൽ മാത്രമാണെന്നും ഹിൻഡൻബർഗ് പറഞ്ഞു.

‘അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ സാമ്പത്തിക വളർച്ച ഇന്ത്യയുടെ വിജയവുമായി കോർത്തിണക്കാൻ ശ്രമിച്ചു. ഇന്ത്യയെന്ന രാജ്യം ഊർജസ്വലമായ ജനാധിപത്യവും മികവുറ്റ ഭാവിയും വളർന്നുവരുന്ന മഹാശക്തിയുമാണ്. ദേശീയതയുടെ മറവിൽ അദാനി നടത്തുന്ന കൊള്ള രാജ്യത്തിന്റെ ഭാവിയെ പിന്നോട്ടടിക്കുകയാണ്. വഞ്ചന വഞ്ചന തന്നെയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അതിപ്പോൾ ലോകത്തിലെ ഏത് ധനികൻ ചെയ്താലും.’– ഹിൻഡൻബർഗ് വ്യക്തമാക്കി.

അദാനി ഗ്രൂപ്പിന്റെ നിയമ നടപടികളെ നേരിടാൻ തയാറാണെന്നു വ്യക്‌തമാക്കിയ ഹിൻഡൻബർഗ് ഉയർത്തിയിട്ടുള്ള പ്രധാന ആരോപണങ്ങൾ ഇവയാണ്:

1) അദാനി ഗ്രൂപ്പ് കമ്പനികളിൽ അക്കൗണ്ടിങ്ങുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വ്യാപകം.

2) ഗ്രൂപ്പിൽപ്പെട്ട കമ്പനികളുടെ ഓഹരി മൂല്യം പെരുപ്പിച്ചുകാട്ടുന്നത് തന്ത്രങ്ങളിലൂടെ.

3) കോർപറേറ്റ് രംഗത്തു ദുർഭരണം.

4) ഗ്രൂപ്പിന്റെ അതിഭീമമായ കടബാധ്യത ഇന്ത്യയിലെ ബാങ്കിങ് വ്യവസായത്തിനു ഭീഷണി.

അതേസമയം, കമ്പനിയുടെ വളർച്ചയെപ്പറ്റി ഹിൻഡൻബർഗ് അവതരിപ്പിച്ചിരിക്കുന്ന കഥ പച്ചക്കള്ളമാണെന്നും ഇന്ത്യയിൽ വ്യാജവിപണി സൃഷ്ടിച്ചുകൊണ്ട് ഓഹരിയിടപാട് നടത്തി ലാഭമുണ്ടാക്കുകയെന്നതാണ് ലക്ഷ്യമെന്നും അദാനി ഗ്രൂപ്പ് പറയുന്നു. ഹിൻഡൻബർഗ് ഉന്നയിച്ച 88 ചോദ്യങ്ങളിൽ 65 ചോദ്യങ്ങളും അദാനി ഗ്രൂപ്പ് വെളിപ്പെടുത്തിയിട്ടുള്ള കാര്യങ്ങുളുമായി ബന്ധപ്പെട്ടുള്ളതാണ്. ബാക്കിയുള്ള 23 ചോദ്യങ്ങളി‍ൽ 18 എണ്ണം പൊതു ഓഹരി ഉടമകളുമായും അദാനി ഗ്രൂപ്പിന്റെ ഭാഗമല്ലാത്ത മൂന്നാം കക്ഷികളുമായും ബന്ധപ്പെട്ടതാണ്. 5 ചോദ്യങ്ങൾ സാങ്കൽപികമായ കാര്യങ്ങളെപ്പറ്റിയുള്ള അടിസ്ഥാനരഹിതമായ ചോദ്യങ്ങളാണെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *