ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹ രജിസ്ട്രഷന്‍ ; ഉത്തരവില്‍ അടിമുടി അവ്യക്തത

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹ രജിസ്ട്രഷന്‍ അനുവദിക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടര്‍ ഇറക്കിയ ഉത്തരവില്‍ അടിമുടി അവ്യക്തത. കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ ചട്ടങ്ങളിലും വധൂവരന്മാരുടെ ജെന്‍ഡര്‍ പരാമര്‍ശം ഇല്ല.ഇതാണ് അവ്യക്തതതയ്ക്ക് വഴിയൊരിക്കിയിരിക്കിരിക്കുന്നത്.

ട്രാന്‍സ്‌ജെന്‍ഡറുകളായ രണ്ടുപേരുടെ അപേക്ഷ അംഗീകരിച്ച് രജിസ്റ്റര്‍ ചെയ്തുനല്‍കാനായിരുന്നു നീലേശ്വരം നഗരസഭ രജിസ്ട്രാര്‍ക്ക് പഞ്ചായത്ത് ഡയറക്ടര്‍ എച്ച്. ദിനേശന്‍ നല്‍കിയ നിര്‍ദേശം. ഈ നിര്‍ദേശം ട്രാന്‍സ്‌ജെന്‍ഡറുകളുടെ വിവാഹ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് പൊതു ഉത്തരവായി ഇറങ്ങി. 1955ലെ ഹിന്ദുവിവാഹ നിയമത്തിലോ കേരള രജിസ്‌ട്രേഷന്‍ ഓഫ് മാര്യേജ് ചട്ടങ്ങളിലോ ട്രാന്‍സ്‌ജെന്‍ഡറുകളുടെ വിവാഹ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് പ്രത്യേക വ്യവസ്ഥകളില്ല. വരന് 21 വയസ്സും വധുവിന് 18 വയസ്സും പൂര്‍ത്തിയാക്കണം എന്നത് മാത്രമാണ് പരാമര്‍ശമെന്ന് ഉത്തരവ് വിശദീകരിക്കുന്നു.

ആധാര്‍, വിവാഹം നടന്ന സ്ഥലം, മറ്റ് സാക്ഷ്യങ്ങള്‍ ഉള്‍പ്പെടെ രേഖകള്‍ അല്ലെങ്കില്‍ സത്യവാങ്മൂലം എന്നിവ സമര്‍പ്പിച്ചാലാണ് സാധാരണ വിവാഹ രജിസ്‌ട്രേഷന്‍ നടത്താറുള്ളത്.. ആധാറില്‍ ‘ട്രാന്‍സ്‌ജെന്‍ഡര്‍’ കാണുമ്പോള്‍ നിരസിക്കുകയാണ് പതിവ്. ഇതിനാല്‍ പല ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹങ്ങളും നടന്നത് മുന്‍ ജെന്‍ഡര്‍ ആധാറുകള്‍ ഉപയോഗിച്ചാണ്.ഇപ്പോള്‍ നീലേശ്വരത്തെ വിവാഹ രജിസ്‌ട്രേഷന്‍ പൊതു ഉത്തരവായി പരിഗണിക്കുന്നത് നല്ല കാര്യമെന്ന് സമ്മതിക്കുമ്പോള്‍ തന്നെ ഒട്ടനേകം ആശങ്കകളാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പെടെ ഉയര്‍ത്തുന്നത്. ഉത്തരവില്‍ കൂടുതല്‍ വ്യക്തത വേണമെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ സ്വത്വങ്ങളെ ഉള്‍കൊണ്ടുള്ള നിയമ നിര്‍മാണമാണ് ആവശ്യമെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുകള്‍ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *