കേരളം 2022

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക മേഖലയിലെ ‘ന്യൂനമർദങ്ങൾ’ കൊടുങ്കാറ്റായി വീശിയടിച്ച വർഷമാണ് കടന്നുപോകുന്നത്. വരും വർഷങ്ങളിലേക്കും നീളാമെന്ന സൂചനകൾ നൽകിയാണ് ചില വിവാദങ്ങൾ താൽക്കാലികമായി ദുർബലമായത്. ഇപ്പോൾ പെയ്യുമെന്ന ധാരണ നൽകി പിടികൊടുക്കാതെ നിൽക്കുന്നു മറ്റു ചില വിവാദങ്ങൾ. കേരളത്തിൽ കഴിഞ്ഞ വർഷം ചർച്ചയായ വിവാദങ്ങളിലൂടെ…

1 സർക്കാർ ഗവർണർ തർക്കം

കേരള ചരിത്രത്തിൽ ആദ്യമായി സർക്കാരും സർക്കാരിന്റെ നാഥനായ ഗവർണറും പരസ്യമായി ഏറ്റുമുട്ടിയ അസാധാരണ കാഴ്ചക്ക് കടന്നുപോകുന്ന വർഷം സാക്ഷ്യം വഹിച്ചു. വിവിധ വിഷയങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോടുള്ള അതൃപ്തി സർക്കാർ പ്രകടമാക്കിയപ്പോൾ ധനമന്ത്രി കെ.എൻ.ബാലഗോപാലിനോടുള്ള ‘പ്രീതി’ പിൻവലിച്ച ഗവർണർ തിരിച്ചടിച്ചു. സർവകലാശാലകളുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഗവർണറെയും സർക്കാറിനെയും രണ്ടു തട്ടിലാക്കിയത്. നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ വിസമ്മതിച്ച് ഗവർണർ സർക്കാരിനെ സമ്മർദ്ദത്തിലാക്കി. പൊതുഭരണ സെക്രട്ടറിയെ മാറ്റി സർക്കാർ ഒത്തുതീർപ്പിനു മുന്നോട്ടുവന്നതോടെ നയപ്രഖ്യാപനത്തിൽ ഗവർണർ ഒപ്പിട്ടു.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനു കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസറായി നിയമനം നൽകിയതിനെതിരെ ഗവർണർ നിലപാടെടുത്തതോടെ തർക്കം രൂക്ഷമായി.സർവകലാശാലകളിൽ വിസിയെ നിയമിക്കുന്നതിനു സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണർ സ്വന്തം നിലയ്ക്കു തീരുമാനിച്ചതോടെ യുദ്ധം മൂർച്ഛിച്ചു. ലോകായുക്ത ഭേദഗതി ഓർഡിനൻസ് ഉൾപ്പെടെ 11 ഓർഡിനൻസിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചതോടെ അവയുടെ കാലാവധി അവസാനിച്ചു. ഓർഡിനൻസുകൾ സഭാ സമ്മേളനം വിളിച്ച് ബില്ലായി അവതരിപ്പിച്ചെങ്കിലും ലോകായുക്ത ഭേദഗതി ബില്ലിൽ ഇതുവരെ ഗവർണർ ഒപ്പിട്ടിട്ടില്ല. സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കുന്ന ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പിട്ടാലേ നിയമമാകൂ. അങ്ങനെ ഈ വിവാദം പുതുവർഷത്തിലും തുടരുമെന്ന് ഉറപ്പ്് .

2 മേയറുടെ കത്ത് വിവാദം, പിൻവാതിൽ നിയമനങ്ങൾ

‘ജോലിയുണ്ട് സഖാവേ പട്ടിക തരാമോ’ രാജ്യത്തെ ഏറ്റവും ചെറുപ്പക്കാരിയായ മേയർ പാർട്ടി ജില്ലാ സെക്രട്ടറിക്ക് എഴുതിയതായി പറയപ്പെടുന്ന കത്ത് സർക്കാരിനുള്ള കുത്തായി മാറി. ഇന്ത്യ ചൈന യുദ്ധകാലത്ത് ‘ഇന്ത്യ ഇന്ത്യയുടെതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന പ്രദേശ’ത്തിനു വേണ്ടിയാണ് യുദ്ധമെന്നു പറഞ്ഞ് തന്ത്രപരമായ നിലപാടു സ്വീകരിച്ചത് ഇഎംഎസാണ്. മേയർ അയയ്ക്കാത്തതും തനിക്കു കിട്ടാത്തതുമായ കത്തിനെച്ചൊല്ലിയാണ് വിവാദമെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. പക്ഷേ ജില്ലാ സെക്രട്ടറിയുടെ നിലപാടുകൾ വിവാദത്തിന് അയവു വരുത്തിയില്ല.
പാർട്ടി അനുഭാവികൾക്ക് തിരുവനന്തപുരം കോർപറേഷനിൽ താൽക്കാലിക ജോലി വാഗ്ദാനം ചെയ്തു മേയർ അയച്ചതായി പ്രചരിച്ച കത്ത് രാഷ്ട്രീയ വിവാദമായി. മേയറും ജില്ലാ സെക്രട്ടറിയും പാർട്ടിക്കു വിശദീകരണം നൽകിയതോടെ പാർട്ടിതല നടപടികൾ അവസാനിച്ചു. പ്രതിഷേധം തണുപ്പിക്കാൻ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

3 ബഫർസോൺ

ജൂൺ മൂന്നിനുണ്ടായ സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ്, കേരളത്തിലെ 22 സംരക്ഷിത വനപ്രദേശങ്ങൾക്കു ചുറ്റമുള്ള ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുന്ന ജനവാസമേഖലകളും മറ്റും കൃത്യമായി നിർണയിക്കാൻ സംസ്ഥാന റിമോട്ട് സെൻസറിങ് ആൻഡ് എൻവയൺമെന്റ് സെന്ററിനെ സർക്കാർ ചുമതലപ്പെടുത്തിയത്. എന്നാൽ, സർക്കാർ റിപ്പോർട്ട് പുറത്തുവന്നതോടെ കർഷകരുടെ അടക്കം ആശങ്ക വർധിച്ചു. റിപ്പോർട്ടും അനുബന്ധ ഭൂപടവും വ്യാപക ആശയക്കുഴപ്പത്തിന് ഇടയാക്കിയതോടെ ജനങ്ങൾ പ്രതിഷേധവുമായി എത്തി. ഓലമേഞ്ഞതും ഓടുമേഞ്ഞതുമായ ചെറിയ വീടുകൾ, ചെറിയ കടകൾ തുടങ്ങിയവ ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമല്ല.
ഉപഗ്രഹ സർവേയിൽ ജനവാസമേഖലകൾ കൃത്യമായി നിർണയിക്കാൻ കഴിയാത്തതിനെ തുടർന്ന് നിയോഗിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷണന്റെ വിദഗ്ധസമിതിക്കും വ്യക്തമായ തീരുമാനമെടുത്ത് മുന്നോട്ടു പോകാനായില്ല. നേരിട്ടു സ്ഥലപരിശോധന നടത്തിയാൽ ജനവാസമേഖലകൾ കൃത്യമായി നിർണയിക്കാൻ കഴിയുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. നേരിട്ടുള്ള സ്ഥലപരിശോധന പൂർത്തിയാക്കി ജനുവരി 11ന് അകം സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം.ജനങ്ങളും ക്രൈസ്തവസഭയും പ്രക്ഷോഭവുമായി രംഗത്ത് വന്നതോടെ വൈബ് സെറ്റിൽ ഭുപടം പ്രസിദ്ധികരിച്ചും സർവെ സംഘത്തെ നിയോഗിച്ചും പരാതി നൽകാൻ അവസരമൊരുക്കിയും ബഫർസോൺ വിവാദം മറികടക്കാൻ സർക്കാർ ശ്രമം നടത്തിയെങ്കിലും പുതുവർഷത്തിലേക്കും നീളുന്ന വിവാദമാണിത്.

4 മുസ്ലിം ലീഗിനുവേണ്ടി എൽഡിഎഫും യുഡിഎഫും

മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവനയാണ് ഡിസംബറിന്റെ തണുപ്പിൽ പുതഞ്ഞ സംസ്ഥാന രാഷ്ട്രീയത്തെ പെട്ടെന്നു ചൂടാക്കിയത്. വിഴിഞ്ഞം, ഗവർണർ വിഷയങ്ങളിൽ കോൺഗ്രസ് നിലപാടിനെ തിരുത്തിയത് ലീഗാണെന്നും ഗോവിന്ദൻ പറഞ്ഞുവച്ചതോടെ കോൺഗ്രസ് നേതൃത്വം അപകടം മണത്തു. കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങളിലും നേതാക്കളുടെ പ്രസ്താവനങ്ങളിലും ലീഗ് നേതൃത്വം ഏറെക്കാലമായി അതൃപ്തിയിലായിരുന്നു. രാഷ്ട്രീയ സഖ്യനീക്കമല്ലെങ്കിലും യുഡിഎഫ് പാളയത്തിൽ വിള്ളലുണ്ടാക്കാനുള്ള നീക്കമായി ഗോവിന്ദന്റെ പ്രസ്താവനയെ യുഡിഎഫ് നേതൃത്വം കണക്കാക്കി.ഇടതുമുന്നണിയുടെ തുടർഭരണം ലീഗിൽ സൃഷ്ടിച്ച നിരാശാബോധവും ചിന്താക്കുഴപ്പവും മുതലാക്കാനാണ് സിപിഎം ലക്ഷ്യമിട്ടത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവനകൾ ഏക സിവിൽ കോഡ് വിഷയത്തിൽ പാർലമെന്റിലെ സംവാദത്തിൽ കോൺഗ്രസ്സ സ്ികരിച്ച സമിപനം എന്നിവയിൽ കോൺഗ്രസ്സ് നേതൃത്വത്തോട് ലീഗ് പരിഭവത്തിലായിരുന്നു. ഈ സാഹചര്യം പരമാവധി മുതലെടുക്കാനാണ് സിപിഎം ശ്രമിച്ചത്. എന്നാൽ, ലീഗ് യുഡിഎഫിന്റെ അവിഭാജ്യഘടകമാണെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കിയതോടെ സിപിഎം തന്ത്രം ലക്ഷ്യം കണ്ടില്ല. സിപിഐ നേതൃത്വവും അതൃപ്തി രേഖപ്പെടുത്തിയതോടെ ലീഗുമായി ബന്ധപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനകൾ അവസാനിച്ചതായി തോന്നിപ്പിച്ചു.

ഇ പി ജയരാജൻ വിവാദം സി പി എമ്മിൽ മാത്രമല്ല മുസ്ലം ലീഗിലും രാഷ്ട്രീയ അനുരണങ്ങൾ സൃഷ്ടിച്ചു. ലീഗ ് ഇടത് മുന്നണി സഹകരണ നിക്കത്തിനും ഇ പി വിവാദം തിരിച്ചടിയായി.ഇ പി ജയരാജനെ അനധികൃത സമ്പാദ്യം ഉണ്ടെന്നും റിസോർട്ടിന്റെ മറവിൽ ഇ പി ജയരാജൻ ഭരണ സംവിധാനങ്ങൾ അടക്കം ഉപയോഗിച്ച് അഴിമതി നടത്തിയെന്നും പി ജയരാജൻ സി പി എം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ച ആരോപണത്തോട് സ്വീകരിക്കേണ്ട രാഷ്ട്രീയ സമീപനത്തെ ചൊല്ലിയാണ് മുസ്ലം ലീഗിൽ തർക്കം രൂക്ഷമാക്കിയത്് .ഇ പി ജയരാജനുമായി ബന്ധപ്പെട്ട വിവാദം സി പി എം ന്റെ ആഭ്യന്തരവിഷയമാണെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണമാണ് മുസ്ലം ലീഗിൽ രാഷ്ട്രീയ പൊട്ടിത്തെറിക്ക് വഴിയൊരുക്കിയത് . മറ്റൊരു പാർട്ടിയുടെ ആഭ്യന്തര വിഷയത്തിൽ അഭിപ്രായം പറയുന്ന പതിവ് മുസ്ലം ലീഗിനില്ലെന്നും ഇപ്പോൾ സി പി എം ൽ ഉയർന്ന വന്നിരിക്കുന്ന തർക്കത്തിൽ അതുകൊണ്ട് ലീഗ് അഭിപ്രായ പ്രകടനത്തിന് ഇല്ലെന്നുമാണ് കുഞ്ഞാലികുട്ടി പ്രതികരിച്ചത് .ഇതിനെതിരെ കെ പി എ മജീദ് ,കെ എം ഷാജി ,പി കെ ഫിറോസ് എന്നിവർ പരസ്യമായി രംഗത്ത് വന്നു . അനീതിക്കെതിരെ പ്രതികരിക്കണമെന്ന് കെ പി എ മജീദ് ഫേസ്ബുക് പോസ്റ്റ് ഇട്ടപ്പോൾ ഇ പി ജയരാജനെതിരെ അന്യൂശനം വേണമെന്നാണ് കെ എം ഷാജി ആവശ്യപ്പെട്ടത് . അഴിമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരു പാർട്ടിയുടെയും ആഭ്യന്തര കാര്യമല്ല , ഇ പി യുടെ ചിറകരിയാൻ തീരുമാനിച്ചത് പിണറായിയാണ് എന്നിങ്ങനെ കെ എം ഷാജി കുഞ്ഞാലികുട്ടിക് മറുപടിയെന്നോണം സി പി എം ന് എതിരായ നിലപട് കടുപ്പിച്ചു .

മുസ്ലം ലീഗിന്റെ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട ഭിന്നാഭിപ്രായങ്ങളണ് ഇ പി വിവാദത്തിൽ ലീഗിൽ വ്യത്യസ്ത നിലപാടുകളായി പ്രത്യക്ഷപ്പെടുന്നത് .ഇ പി ജയരാജനും പി കെ കുഞ്ഞാലികുട്ടിയുമായി വളരെ അടുത്ത ബന്ധമാണ് . പിണറായിയെക്കാൾ കുഞ്ഞാലികുട്ടിക്ക് അടുപ്പം ഇ പി യോടാണ് .ഇ പി ഇടത് മുന്നണി കൺവീനർ ആയതിന് ശേഷം ആദ്യം ചെയ്തത് മുസ്ലം ലീഗ് ഇടത് മുന്നണി ബന്ധം സജീവ ചർച്ച വിഷയമാക്കുകയായിരുന്നു .ഇതുനുപിന്നാലെയാണ് മുസ്ലി ലീഗ് പ്രതേകിച്ച കുഞ്ഞാലികുട്ടി പ്രതിപക്ഷത്തുനിന്നുള്ള സർക്കാർ സഹായ സ്വരമായി മാറിയത് .ലീഗ് ഇടത് ബന്ധത്തെ എതിർക്കുന്നവരാണ് കെ എം ഷാജി വിഭാഗം . മുസ്ലം ലീഗ് ഇടത് മുന്നണി സഹകരണം സജീവ ചർച്ച ആകുന്നതിനിടയാണ് ഇ പി വിവാദം പൊട്ടിവീണത് . അതുകൊണ്ടാണ് കുഞ്ഞാലികുട്ടി ഭരിക്കുന്ന പാർട്ടിയുമായി ബന്ധപെട്ട അഴിമതി വിവാദത്തെ സി പി എം ന്റെ ആഭ്യന്തര വിഷയമായി അവതരിപ്പിക്കാൻ ശ്രമിച്ചത് . സി പി എം ലീഗ് ബന്ധത്തിന് തടസമുണ്ടാകുന്ന പ്രതികരണം വേണ്ടെന്നാണ് ഇതിലൂടെ കുഞ്ഞാലിക്കുട്ടി എടുത്ത നിലപാട് .എന്നാൽ കുഞ്ഞാലിക്കുട്ടിയെയും ലീഗ് ഇടത് മുന്നണി ബന്ധത്തെയും എതിർക്കുന്ന കെ എം ഷാജി വിഭാഗം ഇത് ഒരു രാഷ്ട്രീയ അവസരമായി കണ്ട് സി പി എം നെതിരെ രംഗത്ത് വരികയായിരുന്നു . മുസ്ലം ലീഗ് ഇടത് മുന്നണി രാഷ്ട്രീയ ഐകയം രൂപപ്പെടുത്താനുള്ള ഇരുപാർട്ടികളിലെയും പ്രമുഖ നേതാക്കളുടെ രഹസ്യ അജണ്ടയാണ് ഇ പി വിവാദം അട്ടിമറിക്കുന്നത്.സി പി എമിൽ പുകയുന്ന ഇ പി വിവാദം കേരളരാഷ്ടയത്തിന്റെ വരും വർഷങ്ങളിലെ ദിശാമാറ്റം തീരുമാനിക്കുന്ന അജണ്ടയാണെന്ന് ഉറപ്പായി.

6 ശിവശങ്കർ സ്വപ്ന പുസ്തക വിവാദം

‘അശ്വത്ഥാമാവ് വെറും ഒരു ആന’, ‘ചതിയുടെ പത്മവ്യൂഹം’ രണ്ടും പുസ്തകങ്ങളുടെ പേരുകൾ. ആദ്യത്തേത് എഴുതിയത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഐഎഎസ്. രണ്ടാമത്തേത് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന. രണ്ടു പുസ്തകങ്ങളിലുമുള്ളത് ചതിയുടെ കഥകൾ. ആദ്യം പുസ്തകമെഴുതിയ എം.ശിവശങ്കർ തന്നോട് ചതി കാട്ടിയെന്ന് ആരോപിച്ചാണ് സ്വപ്ന തന്റെ പുസ്തകം പുറത്തിറക്കിയത്.
സ്വർണക്കടത്തു കേസിൽ പ്രതി ചേർക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ ശിവശങ്കർ സർവീസിലേക്കു തിരിച്ചു വന്നതിനുശേഷമാണ് പുസ്തകമെഴുതുന്നത്. ജോലിയുടെ ഭാഗമായി സൗഹൃദത്തിലുണ്ടായിരുന്ന സ്വപ്നയ്ക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നു കരുതിയില്ലെന്ന് ശിവശങ്കർ പുസ്തകത്തിലൂടെ വ്യക്തമാക്കി. കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുമ്പോൾ അനുഭവിച്ച മാനസിക സംഘർഷവും ജയിൽ ജീവിതവുമെല്ലാം പുസ്തകത്തിലെ അധ്യായങ്ങളായി.
തനിക്കെതിരെ പുസ്തകത്തിലുണ്ടായ പരാമർശങ്ങൾ സ്വപ്നയെ ചൊടിപ്പിച്ചു. ശിവശങ്കറിന് സ്വർണക്കടത്തുമായി ബന്ധമുണ്ടായിരുന്നെന്നും തന്നെ ഉപയോഗിക്കുകയായിരുന്നെന്നും സ്വപ്ന തുറന്നടിച്ചു. മാസങ്ങൾക്കുശേഷം പുറത്തുവന്ന പുസ്തകത്തിൽ, ശിവശങ്കറുമായുള്ള അടുപ്പം വെളിവാക്കുന്ന ചിത്രങ്ങളും പരാമർശങ്ങളും ഉണ്ടായിരുന്നു. രാഷ്ട്രീയ വിവാദത്തിന്റെ പശ്ചാലത്തലത്തിൽ ഇറങ്ങിയ പുസ്തകങ്ങളിലെ പരാമർശങ്ങൾ തുടർ വിവാദങ്ങൾക്കിടയാക്കി.

7സിൽവർലൈൻ പ്രശ്‌നം

കേരളത്തിൽ എക്‌സ്പ്രസ് ഹൈവേ എന്ന ആശയം ഉരുത്തിരിഞ്ഞപ്പോൾ, ആ പാത കേരളത്തെ രണ്ടായി വിഭജിക്കുമെന്നായിരുന്നു ആക്ഷേപം. പിന്നീട് ഹൈസ്പീഡ് ട്രെയിനിനായി വർഷങ്ങളോളം പഠനം നടത്തി പിൻതിരിഞ്ഞശേഷമാണ് അർധഅതിവേഗ റെയിൽപാതയായ സിൽവർലൈനിലേക്ക് സർക്കാർ എത്തുന്നത്. ഒരു ലക്ഷം കോടിയിലധികം രൂപ വേണ്ടിവരുന്ന ഹൈസ്പീഡ് പദ്ധതിയെക്കാൾ ചെലവു കുറഞ്ഞതാണെന്നായിരുന്നു സർക്കാരിന്റെ അവകാശവാദം. വിശദമായ പദ്ധതി റിപ്പോർട്ട് അനുസരിച്ച് സിൽവർലൈൻ പദ്ധതിയുടെ ചെലവ് 63,940 കോടി രൂപയായിരുന്നു. ഇതിൽ 2150 കോടി രൂപയാണ് കേന്ദ്ര റെയിൽവേ വിഹിതം. സംസ്ഥാന സർക്കാർ 3253 കോടി രൂപ വഹിക്കും. 975 കോടി രൂപ റെയിൽവേ ഭൂമിയുടെ വിലയായി നിശ്ചയിച്ചു. 4252 കോടി രൂപ പൊതുജന പങ്കാളിത്തതോടെ സമാഹരിക്കാനും 33,700 കോടി രൂപ രാജ്യാന്തര ധനകാര്യസ്ഥാപനങ്ങളിലൂടെ സമാഹരിക്കാനും ലക്ഷ്യമിട്ടു.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 529.45 കിലോമീറ്റർ ദൂരം നാലു മണിക്കൂറിനുള്ളിൽ സഞ്ചരിച്ചെത്താൻ കഴിയുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തത്. എന്നാൽ, സർവേ നടപടികൾക്കായി മഞ്ഞക്കല്ലുകൾ സ്ഥാപിച്ചു തുടങ്ങിയതോടെ ജനങ്ങൾ എതിർപ്പുമായി രംഗത്തെത്തി. പൊലീസിന്റെ സഹായത്തോടെ കല്ലിടൽ തുടർന്നതോടെ പ്രതിഷേധം രൂക്ഷമായി. പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ഏറ്റെടുത്തു.പദ്ധതിച്ചെലവ് കേരളത്തിനു താങ്ങാനാകില്ലെന്നായിരുന്നു വിദഗ്ധരുടെ നിഗമനം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് എത്തിയതോടെ കല്ലിടൽ നടപടികൾ നിർത്തിവച്ചു. പിന്നീട് കല്ലിടൽ നടപടികൾ ചെറിയ രീതിയിൽ ആരംഭിച്ചെങ്കിലും മുന്നോട്ടു പോകാനായില്ല. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചതിനു ശേഷം തുടർനടപടികൾ മതിയെന്ന നിലപാടിലേക്ക് സർക്കാരെത്തി. സർവേ നടപടികൾക്കായി നിയോഗിച്ച ജീവനക്കാരെ തിരിച്ചു വിളിച്ചു.

8 പ്രിയാ വർഗീസിന്റെ നിയമനം

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയും തൃശൂർ കേരളവർമ കോളജിലെ അധ്യാപികയുമായിരുന്ന പ്രിയാ വർഗീസിനെ കണ്ണൂർ യൂണിവേഴ്‌സിറ്റി മലയാളവിഭാഗം അസോ. പ്രഫസർ സ്ഥാനത്തേക്കു തിരഞ്ഞെടുത്തത് ചട്ടം മറികടന്നാണെന്ന് ആരോപണമുയർന്നു. അസോ.പ്രഫസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യുജിസിയുടെ ചട്ടങ്ങൾ നിഷ്‌കർഷിക്കുന്ന അധ്യാപന പരിചയം അവർക്കില്ലെന്ന് രണ്ടാം റാങ്കു ലഭിച്ചയാൾ പരാതി നൽകി. ഗവേഷണ കാലയളവും ഡെപ്യൂട്ടേഷൻ കാലയളവും ചേർത്താണ് അധ്യാപനപരിചയം കാണിച്ചിരുന്നത്.2021 നവംബർ 18ന് നടന്ന അഭിമുഖത്തിൽ പ്രിയയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചു. നിയമനം സിൻഡിക്കറ്റ് അംഗീകരിച്ചു. ഏറ്റവും കുറഞ്ഞ റിസർച്ച് സ്‌കോർ നേടിയ പ്രിയയാണ് അഭിമുഖത്തിൽ മുന്നിലെത്തിയതെന്ന രേഖകൾ പുറത്തുവന്നതോടെ വിവാദം രൂക്ഷമായി. പ്രിയയുടെ നിയമനത്തിനുള്ള പ്രത്യുപകാരമായാണ് വിസി ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതെന്നും ആക്ഷേപം ഉയർന്നു. പ്രിയാ വർഗീസിന്റെ നിയമനം ഗവർണർ തടഞ്ഞു.ഹൈക്കോടതിയിലും പ്രിയയ്ക്ക് രക്ഷയുണ്ടായില്ല

9 വിഴിഞ്ഞം വിവാദം

വിഴിഞ്ഞത്തിനടുത്തുള്ള മുല്ലൂരിൽ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവേശന കവാടത്തിന് മുന്നിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നടത്തിവന്നിരുന്ന സമരം കടന്നുപോകുന്ന വർഷം കേരളം കണ്ട എറ്റവും വലിയ വിവാദങ്ങളിൽ ഒന്നായിരുന്നു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് 140 ദിവസമാണ് മത്സ്യത്തൊഴിലാളികൾ സമരം നടത്തിയത ്. ഏഴോളം ആവശ്യങ്ങൾ സംസ്ഥാന സർക്കാരിനോട് ഉന്നയിച്ചുകൊണ്ട് ആരംഭിച്ച ആ സമരം ഉദ്ദേശിച്ചിടത്തൊന്നും എത്തിക്കാനാവാതെ, ഉന്നയിച്ച ആവശ്യങ്ങൾ മുഴുവനായി നേടിയെടുക്കാനാവാതെയാണ് അവസാനിച്ചിരിക്കുന്നത്. ഒട്ടേറെ നാടകീയ മുഹൂർത്തങ്ങൾ ഉണ്ടായ ഈ ജനകീയ സമരം പല അടരുകളുള്ള ഒന്നായിരുന്നു. അതിജീവന പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിയ മത്സ്യത്തൊഴിലാളികളും അവരുടെയും സമരത്തിന്റെയാകെയും നേതൃസ്ഥാനത്തിലിരുന്ന് ചർച്ചയ്ക്കും മാധ്യസ്ഥതയ്ക്കും ശ്രമിച്ച ലത്തീൻ മതനേതൃത്വവും തുടക്കം മുതലേ സമരത്തെ അടിച്ചമർത്താൻ മുന്നിട്ടിറങ്ങിയ സർക്കാരും പ്രദേശവാസികളായ പോർട്ട് അനുകൂലികളുടെ രൂപത്തിലെത്തി സമാന്തര സമരം നയിച്ച തീവ്ര വലതുപക്ഷവും എല്ലായ്‌പ്പോഴുമെന്ന പോലെ ഇത്തവണയും പ്രവർത്തിച്ചു. താത്കാലികമായി അവസാനിച്ചെങ്കിലും വിഴിഞ്ഞം വിവാദം പൂർണമായും കെട്ടടങ്ങിയിട്ടില്ല

ഒരുപാട് വിവാദങ്ങൾക്ക് സാക്ഷ്യം വഹിച്ച് 2022 കടന്നുപോകുമ്പോൾ സന്തോഷം നിറഞ്ഞ പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് മലയാളികൾ

Leave a Reply

Your email address will not be published. Required fields are marked *