കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ്; കണ്ണൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകൾ 400 കവിഞ്ഞു

കണ്ണൂർ: കണ്ണൂർ അർബൻ നിധി, എനി ടൈം മണി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകൾ 400 കവിഞ്ഞു. കണ്ണൂർ ടൗൺ സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 42 കേസുകളാണ് കണ്ണൂർ ടൗൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത്.

കണ്ണൂർ സിറ്റി, പയ്യന്നൂർ, ആലക്കോട്, മയ്യിൽ, ചക്കരക്കല്ല്, മട്ടന്നൂർ, തളിപ്പറമ്പ് പോലീസ് സ്റ്റേഷനുകളിലുൾപ്പെടെ ജില്ലയിലെ മിക്ക സ്റ്റേഷനുകളിലും പണം നഷ്ടപ്പെട്ടവരുടെ പരാതികളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് മാത്രം 50 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പോലീസ് നിഗമനം.

കണ്ണൂർ അർബൻ നിധി ഡയരക്ടർ തൃശൂർ മേലാട്ടെ കെ.എം. ഗഫൂർ, സഹ സ്ഥാപനമായ ‘എനി ടൈം മണി’ യുടെ ഡയരക്ടർമാരായ മലപ്പുറം ചങ്ങരംകുളം മേലെപ്പാട്ട് വളപ്പിൽ ഷൗക്കത്ത് അലി, ആന്റണി, അർബൻ നിധി അസി. ജനറൽ മാനേജർ കണ്ണൂർ സ്വദേശി ജീന, എച്ച്ആർ മാനേജർ പ്രഭീഷ്, ബ്രാഞ്ച് മാനേജർ ഷൈജു എന്നിവരാണ് എല്ലാ കേസുകളിലും പ്രതികൾ. ഇതിൽ അറസ്റ്റിലായ ഗഫൂർ, ഷൗക്കത്ത് അലി, ജീന എന്നിവർ കണ്ണൂർ സബ് ജയിലിൽ റിമാൻഡിലാണ്.

അതേ സമയം അർബൻ നിധി സ്ഥാപനത്തിൽ നിന്ന് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത കമ്പ്യൂട്ടറുകളിൽ നിന്നും ലാപ്ടോപ്പുകളിൽ നിന്നും കേസുമായി ബന്ധപ്പട്ട കൂടുതൽ തെളിവുകൾ ലഭിച്ചതായാണ് വിവരം. സ്ഥാപനത്തിലെ ചില നിക്ഷേപങ്ങളിൽ കള്ളപ്പണം വെളുപ്പിക്കൽ ഉണ്ടെന്നുള്ള സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്. ഗഫൂറിന്റെ തൃശൂർ മേലാട്ടെ വീട്ടിലും ഷൗക്കത്തലിയുടെ മലപ്പുറം ചങ്ങരംകുളത്തെ വീട്ടിലും കണ്ണൂർ പോലീസ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലും നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവ പോലീസ് പരിശോധിച്ച് വരികയാണ്.

അതിനിടെ ഒളിവിൽ കഴിയുന്ന മറ്റ് പ്രതികളെ പിടികൂടുന്നതിനായുള്ള അന്വേഷണവും പോലീസ് ഊർജിതമാക്കി. കേരളത്തിനകത്തും തമിഴ്നാട്, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിലും സൈബർ സെല്ലിന്റെ സഹായത്തോടെ വലിയ സംഘമാണ് അന്വേഷണം നടത്തുന്നത്. കണ്ണൂർ സിറ്റി പോലീസ് അസി. കമ്മീഷണർ ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലാണ് കണ്ണൂർ ജില്ലയിലെ കേസന്വേഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *